തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ട്രോളുകളോ ഫേസ്ബുക്ക് സന്ദേശങ്ങളോ അയക്കരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഹൈ ടെക് സെല്ലാണ് വിവിധ വെബ് സൈറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഈ മുന്നറിയിപ്പ് തന്നെ ട്രോളാക്കിക്കൊണ്ട് ട്രോളര്‍മാരുടെ മറുപടി.

മുഖ്യമന്ത്രിക്കെതിരായ ട്രോളുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പെന്നാണ് ഹൈ ടെക് സെല്ലിന്റെ വിശദീകരണം. ഐ ടി നിയമപ്രകാരം ഇത് കുറ്റകരമാണ്. ഇത്തരം പരമാര്‍ശങ്ങളും ട്രോളുകളും ഉടന്‍ തന്നെ നീക്കണം ചെയ്യണമെന്നാണ് മുന്നറിയിപ്പ്. ട്രോളുകള്‍ ആവര്‍ത്തിച്ചാല്‍ ഗൗരവത്തോടെ കണ്ട് കര്‍ശന നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഔട്ട് സ്‌പോക്കണ്‍, വീ ഹേറ്റ് പിണറായി, വീ ഹേറ്റ് സി പി എം എന്നീ എഫ്ബി പേജുകള്‍ക്കും, ചില വ്യക്തികള്‍ക്കമാണ് മെസഞ്ചര്‍ വഴി പൊലീസിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് കിട്ടിയതോടെ ചില എഫ് ബി പേജുകള്‍ ചില ട്രോളുകള്‍ പിന്‍വലിച്ചു. പക്ഷെ മറ്റു ചിലരാകട്ടെ പൊലീസിനെ ഭയക്കാതെ മുന്നറിയിപ്പ് തന്നെ ട്രോളാക്കി തിരിച്ചടിച്ചു. പിന്നാലെ ഗ്രൂപ്പുകളും പേജുകളും ആഞ്ഞു പിടിച്ച് മുഖ്യനും പൊലീസിനുമെതിരെ ട്രോളോട് ട്രോള്‍. മുന്നറിയിപ്പ് സമൂഹമാധ്യങ്ങളില്‍ വലിയ ചര്‍ച്ചക്കും തിരികൊളുത്തി. തമാശ ട്രോളുകള്‍ക്കെതിരെ അല്ല അപകീര്‍ത്തിയുണ്ടാക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ട്രോളുകള്‍ക്കെതിരെയാണ് മുന്നറിയിപ്പെന്ന് വിശദീകരണം പൊലീസ് നല്‍കുന്നു. സര്‍ക്കാര്‍ നയങ്ങളെ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നത് വിലക്ക് കൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.