'#എംകെഡിക്ക് എന്റെ വക 5'
കേരള മുഖ്യമന്തിക്ക് സൗജന്യ നിയമോപദേശം നല്‍കുക എന്ന തികച്ചും ജനോപകാരപ്രദമായ ദൗത്യം നിര്‍വഹിക്കുകയും അതു മൂലം ഉണ്ടാകുന്ന വന്‍ സാമ്പത്തിക നഷ്ടം നികത്താന്‍ കച്ചറകിച്ചറ കേസുകെട്ടുകള്‍ എടുത്തു കഷ്ടപ്പെടുകയും ചെയ്യുന്ന ദാമോദര്‍ജിയെ സഹായിക്കുക എന്നത് നമ്മുടെ കടമയല്ലേ, സുഹൃത്തുക്കളെ?"

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വ എം കെ ദാമോദരനെതിരെയുള്ള ഹാഷ് ടാഗ് പ്രചരണത്തിന്‍റെ തുടക്കമാണ് മേല്‍ക്കൊടുത്തിരിക്കുന്നത്. സമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ് കോട്ടയം സ്വദേശി വര്‍ഗ്ഗീസ് ചെറിയാന്‍ തുടക്കമിട്ട ഈ ഹാഷ് ടാഗ് പ്രചരണം. ബാര്‍ കോഴ വിവാദം കത്തിനിന്ന സമയത്ത് സംവിധായകനും ഇടതുപക്ഷ അനുഭാവിയുമായ ആഷിക് അബു ഫേസ്ബുക്കിലൂടെ തുടക്കമിട്ട '#എന്റെ വക മണിക്ക് 500' ന്‍റെ ചുവടുപിടിച്ചാണ് പുതിയ ഹാഷ് ടാഗ് പ്രചരണം കൊഴുക്കുന്നത്. മുന്‍ ധനകാര്യ മന്ത്രി കെ എം മാണിയുടെ പേരിലേക്ക് അക്കാലത്ത് ആയിരക്കണക്കിനു രൂപയുടെ മണിയോഡറുകള്‍ ഒഴുകിയിരുന്നു. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം സമാനമായ രീതിയില്‍ നിരവധി ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.

വിവാദകേസുകളില്‍ എം കെ ദാമോദരന്‍ ഹാജരാകുന്നതിനെ രൂക്ഷമായി പരിഹസിക്കുകയാണ് പലരും ട്രോളുകളിലൂടെ. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എംകെഡി എന്ന എംകെ ദാമോദരന്‍ ചെയ്യുന്നത് തീരെ ശരിയല്ലെന്നും പ്രതിഫലം വാങ്ങാതെ നിയമോപദേശം നല്‍കുന്നതു കൊണ്ടാവും അദ്ദേഹത്തിനു വിവാദപരമായ മറ്റ് കേസുകളില്‍ ഹാജരാവേണ്ടി വരുന്നതെന്നും അതുകൊണ്ടു എംകെഡിയുടെ വീട്ടുകാര്യങ്ങള്‍ മുറതെറ്റാതെ നടക്കാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുക നമ്മുടെ കടമയാണെന്നും പലരും ഓര്‍മ്മിപ്പിക്കുന്നു.

പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെ:

മാണി സാറിനു കൊടുത്ത പോലെ 500 ഒന്നും വേണ്ട, വെറും അഞ്ചു മതി. പല തുള്ളി പെരുവെള്ളം ആകട്ടെ!

സംഭാവനകള്‍ മാണി ഓര്‍ഡര്‍ ആയി മാത്രം നേരിട്ടു ദാമോദര്‍ജി ആന്‍ഡ് കോയ്ക്ക് അയക്കുക . 'ഓണ്‍ലൈന്‍' ഇടപാടുകള്‍ വേണ്ടേ വേണ്ട!

നാട് നന്നാവട്ടെ!-