സംസ്ഥാനത്ത് ഇന്ന് അര്‍‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. 47 ദിവസമാണ് ഇത്തവണ കേരളത്തില്‍ ട്രോളിംഗ് നിരോധനമുള്ളത്. യന്ത്രം ഘടിപ്പിച്ച ബോട്ടുകളിലും ചെറുവള്ളങ്ങളിലും പോയി മീന്‍ പിടിക്കുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധനം ബാധകമല്ല.

സംസ്ഥാനത്തെ 4200 ട്രോളിംഗ് ബോട്ടുകളാണ് ഇന്ന് അര്‍ധരാത്രിമുതല്‍ മീന്‍പിടുത്തം നിര്‍ത്തിവെക്കുന്നത്. ട്രോള്‍ വലകള്‍ ഉപയോഗിച്ച് അടിത്തട്ടിലുള്ള കുഞ്ഞുമല്‍സ്യങ്ങളെ വരെ കോരിയെടുക്കുന്ന മീന്‍ പിടുത്ത രീതിയാണിത്. ട്രോള്‍ വലകള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്ന യന്ത്രവല്‍കൃത ബോട്ടുകളെല്ലാം തീരത്തേക്ക് അടുപ്പിച്ച് തുടങ്ങി. ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും.

ആകെ 75000 മല്‍സ്യത്തൊഴിലാളികള്‍ ട്രോളിംഗ് ബോട്ടുകളില്‍ പോയി മീന്‍ പിടിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവരില്‍ ബഹുഭൂരിപക്ഷം തൊഴിലാളികളും കുളച്ചല്‍, ആന്ധ്ര, കൊല്‍ക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധന കാലാവധി കൂട്ടാത്തതില്‍ കടുത്ത പ്രതിഷേധമാണുള്ളത്.

കേരളമൊഴികെ രാജ്യത്തെ തീരദേശമുള്ള ഒമ്പത് സംസ്ഥാനങ്ങളിലും 61 ദിവസമാണ് ട്രോളിംഗ് നിരോധനം. കേരളത്തില്‍ മാത്രം ട്രോളിംഗ് നിരോധനം കാലാവധി കുറക്കുന്നത് ഇവിടെ മല്‍സ്യസമ്പത്തില്‍ വന്‍ കുറവുണ്ടാക്കുമെന്നാണ് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലധികം പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോയി മീന്‍ പിടിക്കുന്നുണ്ട്. ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് വലിയ തൊഴില്‍ നഷ്ടമുണ്ടാവില്ലെങ്കിലും പരോക്ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പതിനായിരങ്ങളെ ട്രോളിംഗ് നിരോധനം നേരിട്ട് ബാധിക്കും..