ബംഗലൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്രയില്‍ വീണ്ടും തടസം. കേരളത്തിലേക്കുള്ള മദനിയുടെ യാത്രയ്ക്ക് പ്രത്യേക അനുമതി വേണമെന്ന് വിമാനക്കമ്പനി നിര്‍ബന്ധം പിടിച്ചതോടെ മദനിയുടെ യാത്ര മുടങ്ങി. മദനിയും കുടുംബവും ഇല്ലാതെ ഇന്‍ഡിഗോ വിമാനം ബംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചു. മദനിയും കുടുംബവും വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. മദനിയെ റോഡ് മാര്‍ഗം കേരളത്തിലേക്കെത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ചികില്‍സയില്‍ കഴിയുന്ന അമ്മയെ കാണാനാണ് മദനി കേരളത്തിലെത്തുന്നത്. ബെംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന മദനി ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതിയുടെ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് 8 ദിവസത്തേക്ക് കേരളത്തിലെത്തുന്നത്. കനത്ത സുരക്ഷയാണ് മഅദനിക്ക് കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

നിലവില്‍ ബെംഗളൂരു സഹായ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മദനി. ചികില്‍സക്കായി നേരത്തതന്നെ ജാമ്യം ലഭിച്ചിരുന്നെങ്കിലും കേരളത്തിലേക്ക് പോരാന്‍ മഅദനിക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ചികിത്സയിലുള്ള അമ്മയെ കാണണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എട്ട് ദിവസവും മദനിയ്ക്ക് കര്‍ശന സുരക്ഷയൊരുക്കണമെന്ന് കര്‍ണാടക പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം കര്‍ണാടക പൊലീസിന്റെ പത്തംഗ സായുധസേന റോഡ് മാര്‍ഗം കൊച്ചിയിലേയ്ക്ക് തിരിച്ചിരുന്നു.കൊച്ചിയില്‍ നിന്ന് അന്‍വാര്‍ശ്ശേരി വരെയും, തുടര്‍ന്നുള്ള എട്ട് ദിവസങ്ങളിലും ഇവരായിരിക്കും സുരക്ഷയൊരുക്കുക.