അവശ്യ സാധനങ്ങള്‍ക്ക് വില കയറും; ചരക്ക് ലോറി ഉടമകള്‍ അനിഞ്ചിതകാല സമരം തുടങ്ങി

കോഴിക്കോട്: രാജ്യത്ത് ചരക്ക് ലോറി ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടങ്ങി. 80 ലക്ഷത്തോളം ചരക്ക് ലോറികൾ സർവീസ് നടത്തില്ല.സമരം തുടർന്നാൽ കേരളത്തിൽ അവശ്യസാധനങ്ങൾക്ക് വില വർധിക്കും.

ഇന്ധന വിലക്കയറ്റം, ഇൻഷുറൻസ് വ‌ർധന, അശാസ്ത്രീയ ടോൾ പിരിവ് എന്നിവയ്ക്കെതിരെയാണ് സമരം. രണ്ട് മാസം മുമ്പ് സമരം പ്രഖ്യാപിച്ചെങ്കിലും ലോറി ഉടമകളുമായി കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറായിരുന്നില്ല. സമരത്തിന് മുന്നോടിയായി അന്തർസംസ്ഥാന സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിൽ നിർത്തിവച്ചിരുന്നു. കേരളത്തിലെ രണ്ടരലക്ഷം ലോറികളും ഇന്ന് മുതൽ സമരത്തിലാണ്.

ഉപഭോക്ത സംസ്ഥാനമായ കേരളത്തെ സമരം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. മൊത്തവിതരണക്കാരുടെ പക്കല്‍ ഒരാഴ്ചത്തേക്കുള്ള സ്റ്റോക്കുണ്ട്.സമരം നീണ്ടുപോയാല് ഭക്ഷ്യക്ഷാമവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഉണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. വിവിധതൊഴിലാളി യൂണിയനുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.