ഖത്തര്‍ ഉപരോധത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. തന്റെ സൗദി സന്ദര്‍ശനം ഫലം കണ്ടുതുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നു. അതിനിടെ, ജോര്‍ദാനടക്കം രണ്ട് രാജ്യങ്ങള്‍ കൂടി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു.

ഭീകരവാദം തുടച്ച് നീക്കുന്നതിന്‍റെ ആദ്യപടിയാണ് ഖത്തറിനെതിരായ നടപടിയെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. തന്‍റെ സൗദി സന്ദര്‍ശനം ഫലം കണ്ടുവെന്നും ഭീകരെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ട്രംപ് കുറിച്ചു. ഭീകരര്‍ക്ക് പണമെത്തുന്നത് തടയണമെന്നും പണം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ട്രംപ് സൗദിയോട് ആവശ്യപ്പെട്ടതായി അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റേയും തുര്‍ക്കിയുടേയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. ജിദ്ദയിലെത്തിയ കുവൈത്ത് അമീര്‍ സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി. തുര്‍ക്കി പ്രസി‍ഡന്‍റ് ഫോണിലൂടെയും സൗദി രാജാവുമായി ചര്‍ച്ച നടത്തി. അതേസമയം, രാജ്യത്തിനെതിരായ ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിച്ചു. ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെങ്കിലും ഉപരോധം രാജ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഖത്തറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ജോര്‍ദ്ദാനും മൗറിത്യാനയും കൂടി നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചു.