പാലക്കാട് നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലും മുൻ സർക്കാരിന്റെ വീഴ്ചകളിലും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും സഹകരണ മേഖലയിലെ നിയമനങ്ങളിലെ സുതാര്യതയില്ലായ്മയും തിരിച്ചടിയായെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലും മുൻ എൽഡിഎഫ് സർക്കാരിന്റെ വീഴ്ചകളിലും നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. മത്സരരംഗത്തേക്ക് വരാൻ യോഗ്യതയുള്ള നിരവധി യുവാക്കൾ സംഘടനയിൽ ഉണ്ടായിട്ടും അവരെ പരിഗണിക്കാൻ പാർട്ടി തയ്യാറായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സമ്മേളനത്തിൽ നടന്ന പൊതുചർച്ചയിലാണ് നേതൃത്വത്തെയും മുൻ സർക്കാരിന്റെ നയങ്ങളെയും കടന്നാക്രമിച്ച് പ്രതിനിധികൾ സംസാരിച്ചത്.
സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായും പാളിയെന്നാണ് ചർച്ചയിൽ ഉയർന്ന പ്രധാന വിമർശനം. ജനപിന്തുണയുള്ള യുവാക്കളെ മാറ്റിനിർത്തിയത് തിരിച്ചടിയായി. തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ല. തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കും താഴെത്തട്ടിലുള്ള ഓരോ പ്രവർത്തകനും ഒരുപോലെയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മുൻ ഇടതുപക്ഷ സർക്കാരിന്റെ ചില ഉത്തരവുകളിലെ അപാകതകളും സഹകരണ മേഖലയിലെ നിയമനങ്ങളിലെ സുതാര്യതക്കുറവും ജനങ്ങൾക്കിടയിൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി ചർച്ചയിൽ വിമർശനമുയർന്നു. സഹകരണ നിയമനങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ചില സർക്കാർ ഉത്തരവുകളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് പൊതുസമൂഹത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും പ്രതിനിധികൾ തുറന്നടിച്ചു. തൃത്താല, ഷൊർണൂർ ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികളാണ് പൊതുചർച്ചയിൽ പങ്കെടുത്ത് ശക്തമായ ഭാഷയിൽ വിമർശനമുന്നയിച്ചത്.


