1963 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനൊപ്പം വാഷിംഗ്ടണ്‍ മാര്‍ച്ച് നടത്തിയ പ്രമുഖ പൗരാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ലൂയിനോട് കൊമ്പു കോര്‍ത്താണ് ഡോണള്‍ഡ് ട്രംപ് ഇത്തവണ പുലിവാല് പിടിച്ചത്. മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിപ്പുള്ള ഏക വ്യക്തിയാണ് ലൂയിസ്. ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ട്രംപ് തെരഞ്ഞെടുപ്പെട്ടതില്‍ വിശ്വാസമില്ലെന്നുമുള്ള ലൂയിസിന്റെ പ്രതികരണമാണ് നിയുക്ത പ്രസിഡന്റിനെ ചൊടിപ്പിച്ചത്. വാചകമടിക്കാതെ ലൂയിസ് സ്വന്തം കാര്യം നോക്കട്ടെയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 

ശക്തമായ പ്രതിഷേധമാണ് ട്രംപിനെതിരെ ഉയരുന്നത്. വെറും വാചകമടിയല്ല, ലൂയിസിന്റെ വാചകങ്ങളാണ് ലോകത്തെ തിരുത്തിയതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബെന്‍ സാസ് പ്രതികരിച്ചു. ലോകം ആദരിക്കുന്ന വ്യക്തിത്വമാണ് ലൂയിസിന്റേത് എന്നും അദ്ദേഹം പറ‍ഞ്ഞു. ഇന്ത്യന്‍ വംശജയായ കാലിഫോര്‍ണിയ സെനറ്റര്‍ കമലാ ഹാരിസും ലൂയിസിന് പിന്തുണയുമായി രംഗത്തെത്തി. ജോണ്‍ ലൂയിസിനോട് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇങ്ങനെയല്ല പ്രതികരിക്കേണ്ടെതെന്ന് കമല പറഞ്ഞു. ട്രംപിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടുന്നത്.