താന്‍ അമേരിക്കന്‍ പ്രസിഡന്‍റായി ചുമതലയേറ്റാൽ യുഎന്നില്‍ നിലപാട് മാറ്റങ്ങളുണ്ടാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ട്രംപ് അധികാരമേൽക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ഇസ്രേലും പ്രതികരിച്ചു.
പലസ്തീനില്‍ കൈവശം വച്ചിട്ടുള്ള മേഖലയിൽ ഇസ്രയേൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം 14 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഎന്‍ പാസ്സാക്കിയത്. നേരത്തെ ഇസ്ര്രയേലിനെ പിന്തുണച്ചിരുന്ന യുഎസ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നപ്പോള്‍, മലേഷ്യ, ന്യൂസീലൻഡ്, സെനഗൽ, വെനസ്വേല എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇതിന്‍റെ പിന്‍ബലത്തില്‍ കിഴക്കൻ ജറുസലേം ഉൾപ്പെടെയുളള പ്രദേശത്ത് ഇസ്രയേൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാന്‍ യുഎന്‍ ഇസ്രയേലിനോടാവശ്യപ്പെട്ടു.
നേരത്തെ ഈജിപ്ത് തയ്യാറാക്കിയ സമാനമായ പ്രമേയം അവതരിപ്പിക്കാതിരിക്കാൻ അമേരിക്കന്‍ പിന്തുണയോടെ സമ്മർദ്ദം ചെലുത്തിയ ഇസ്രയേല്‍ അതില്‍ വിജയിച്ചിരുന്നു. എന്നാല്‍ മലേഷ്യ, ന്യൂസീലൻഡ്, സെനഗൽ, വെനസ്വേല എന്നീ നാലു രാജ്യങ്ങൾ പ്രമേയം അവതരിപ്പിച്ചപ്പോള്‍ യുഎസ് നിഷ്പക്ഷ നിലപാടെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുഎനെ വിമര്‍ശിച്ച് അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. താന്‍ അമേരിക്കന്‍ പ്രസിന്‍റായി ചുമതലയേറ്റാല്‍ യുഎന്‍ നിലപാടുകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. ഇസ്രയേലും യുഎന്‍ പ്രമേയത്തിനെതിരെ ശക്തമായ നിലപാടെടുത്തു. പ്രമേയത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, യുഎന്‍ നടപടി തങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചു. അതേസമയം രക്ഷാസമിതിയുടെ തീരുമാനം യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും പലസ്തീനും സ്വാഗതം ചെയ്തു.
