ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അമേരിക്കൻ തെരഞ്ഞെടുപ്പ് ചർച്ച ചെയ്ത് ഡോണൾഡ് ട്രംപും വ്ലാഡിമിർ പുടിനും. ജി 20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. തെരെഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്ന നിലപാട് പുടിൻ ആവർത്തിച്ചു.
വിവാദ വിഷയം ചർച്ചയാകുമോയെന്ന കാത്തിരിപ്പിനാണ് ഉത്തരമായത്. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഡോണാൾഡ് ട്രംപും വ്ലാഡിമിർ പുടിനും അമേരിക്കൻ തെരഞ്ഞെടുപ്പ് ചർച്ച ചെയ്തു. അമേരിക്കൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പുറത്തു വരരുന്ന വിവരങ്ങളെപ്പറ്റി ആശങ്കയുണ്ടെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചപ്പോൾ വാർത്തകൾ വാസ്തവമല്ലെന്ന് പുചിൻ വ്യക്തമാക്കി. ഫലം ട്രംപിന് അനുകൂലമാക്കാൻ മോസ്കോ ഇടപെട്ടുവെന്നായിരുന്നു ആരോപണം. ഇരു നേതാക്കളും തമ്മിലുള്ള ചർച്ച ഫലവത്തായിരുന്നെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു.
താങ്കൾക്കൊപ്പമിരിക്കാൻ അഭിമാനമുണ്ടെന്നാണ് ഡോണൾഡ് ട്രംപ് പുചിനോട് പറഞ്ഞത്. കാണാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പുചിൻ പരിഭാഷകനിലൂടെ മറുപടി നൽകി. പിന്നീട് രണ്ടേകാൽ മണിക്കൂർ നീണ്ട ചർച്ചയിൽ സിറിയൻ യുദ്ധവും ഭീകരതയുമുൾപ്പെടെ മിക്ക അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി. പതിവ് പോലെ മിക്ക വിഷയങ്ങളിലും എതിർ നിലപാടുകളാണ് ഇരു നേതാക്കളും വ്യക്തമാക്കിയത്.
