ലണ്ടൻ: സമൂഹമാധ്യമങ്ങളിൽ വൈറലായി നാലുദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രസകരമായൊരു വീഡിയോ.  വിന്‍ഡ്സര്‍ കൊട്ടാരത്തിലെ പ്രത്യേക ഗാര്‍ഡ് ഓഫ് ഓണര്‍ നിരീക്ഷിച്ച് നടക്കുന്ന ട്രംപ് നിരവധി തവണ രാജ്ഞിക്ക് മുമ്പില്‍ നടക്കുന്നതും, ഇരു വശങ്ങളിലൂടെ മുന്നോട്ട് വരാന്‍ ശ്രമിക്കുന്ന രാജ്ഞിയെയും വീഡിയോയില്‍ കാണാം. 

അല്‍പസമയത്തിന് ശേഷം അബദ്ധം മനസ്സിലാക്കിയ ട്രംപ് നടത്തം നിർത്തി രാജ്ഞിയുടെ നിര്‍ദ്ദേശത്തിനായി കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രാജകുടുംബത്തിന്റെ ആചാരമര്യാദകൾ ലംഘിച്ച ട്രംപിനെ വിമർശിച്ചും കളിയാക്കിയും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങള്‍ ഉണ്ട്.   അതേസമയം രാജകീയ ആചാരമര്യാദകൾ ലംഘിക്കുന്നതില്‍ മെലാനിയ ട്രംപും ഭര്‍ത്താവിനൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യകൂടികാഴ്ച്ചയിൽ രാജ്ഞിക്ക് മുന്നിൽ തലകുനിച്ച് നിൽക്കുന്നതിനു പകരം ഹസ്‌തദാനം നൽകിയാണ് മെലാനിയ കാലങ്ങളായി തുടരുന്ന ആചാരം ലംഘിച്ചത്.  

യുഎസ് പ്രസിഡന്റായതിനുശേഷമുള്ള ഡോണൾഡ് ട്രംപിന്റെ ബ്രിട്ടനിലെ ആദ്യ സന്ദര്‍ശനത്തില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.  ലണ്ടൻ സന്ദർശനത്തിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ബ്രെക്സിറ്റ് വിഷയത്തി‍ൽ തെരേസ മേയ് സമ്മർദം നേരിടുന്ന സമയത്താണ് ട്രംപിന്റെ നിർണായക സന്ദർശനം. യുഎസും ബ്രിട്ടനുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. മധ്യപൂർവദേശത്തെ നയങ്ങൾ, ബ്രെക്സിറ്റ് എന്നിവയും സന്ദര്‍ശനത്തില്‍ ചര്‍ച്ചാ വിഷയമാകും.

 എന്നാൽ ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആയിരങ്ങളാണ് പ്രതിഷേധവുമായി അണിനിരന്നത്. ബ്രിട്ടനിലെ പ്രധാന നഗരങ്ങളിൽ ജന​ങ്ങൾ പ്രതിഷേധ റാലികൾ നടത്തി. ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടാണു പ്രതിഷേധങ്ങള്‍ക്കുള്ള പ്രധാന കാരണം.  പ്രധാനമന്ത്രി തെരേസ മേയ്ക്കും ലണ്ടൻ മേയർ സാദിഖ് ഖാനുമെതിരെ നയതന്ത്ര മര്യാദകൾ പാലിക്കാതെ ട്രംപ് നടത്തിയ പരാമർശങ്ങളും ട്രംപിനെതിരെ വികാരമുയരാന്‍ കാരണമായിട്ടുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.