വാഷിംഗ്ടണ്‍: മാധ്യമങ്ങളോട് മുഖം തിരിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏപ്രിലില്‍ വൈറ്റ് ഹൗസ് കറസ്‌പോണ്‍ഡന്‍സ് അസോസിയേഷന്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കിന്നില്ലെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ചില മാധ്യമങ്ങളെ വിലക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. 

ബിബിസിയും സിഎന്‍എന്നും അടക്കമുള്ള മാധ്യമങ്ങളെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിലക്കിയത്. കാരണമൊന്നും പറയാതെ ആയിരുന്നു നടപടി. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുകയും ചെയ്തു.

നടപടിയെ ശക്തമായി അപലപിച്ച് വൈറ്റ് ഹൗസ് കറസ്‌പോണ്‍ഡന്‍സ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് ട്രംപ് വിരുന്നില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്.