അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മൈക്കിൾ വൂൾഫിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും. ഫയര്‍ ആൻറ് ഫ്യൂറി എന്ന പുസ്തകത്തില്‍ അമേരിക്കൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള റഷ്യൻ നീക്കങ്ങളെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ഉണ്ടെന്നാണ് സൂചന. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ വിജയം ട്രംപ് പോലും പ്രതീക്ഷിച്ചില്ലെന്നത് മുതല്‍ ട്രംപ്, ബാരോണ്‍ വിവാദത്തിലെ ചൂടേറിയ വിവരങ്ങള്‍ വരെ പുസ്തകത്തിലുണ്ടെന്നാണ് വൂള്‍ഫുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. 

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ട്രംപ് നടത്തിയ 200 സുപ്രധാന ആശയവിനിമയങ്ങളെ അടിസ്ഥാനമാക്കിയാണ് പുസ്തകം എന്നും, ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി ലേഖനമെഴുതിയിട്ടുള്ള വൂള്‍ഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പല വിവരങ്ങളും കഴന്പില്ലാത്താതാണെന്നാണ് വൈറ്റ് ഹൗസ് കേന്ദ്രങ്ങളുടെ നിലപാട്. പുസ്തകം ചൊവ്വാഴ്ച പുറത്തിറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഇന്ന് മുതല്‍ ലഭ്യമാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.