രണ്ട് നൂറ്റാണ്ടിനിടെ ഇതാദ്യമായി വിദേശത്ത് ജനിച്ച ഒരാള്‍ അമേരിക്കയുടെ പ്രഥമ വനിതയാവുകയാണ്. 2005ലാണ്  സ്ലോവേനിയയില്‍ നിന്ന് അമേരിക്കയിലെത്തിയ മോഡല്‍ മെലാനിയയെ ഡോണള്‍ഡ് ട്രംപ് വിവാഹം കഴിച്ചത്.  തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍, മിഷേല്‍ ഒബാമ മുമ്പ് നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ അതേ പടി ആവര്‍ത്തിച്ച് മെലാനിയ വിവാദത്തിലായിരുന്നു. ട്രംപിനെതിരെ നിരവധി സ്‌ത്രീകള്‍ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയപ്പോഴും അതിനെയെല്ലാം തള്ളിക്കള‍ഞ്ഞ് മെലാനിയ ഭര്‍ത്താവിന് പിന്തുണ നല്‍കി. ഇരുവരുടെയും മകന്‍ ബാരന്‍ ട്രംപാണ് ഡോണള്‍ഡ് ട്രംപിന്‍റെ ഏറ്റവും ഇളയ മകന്‍. 10വയസുകാരന്‍ ബാരന്‍റെ പഠനാവശ്യങ്ങള്‍ക്കായി ന്യൂയോര്‍ക്കില്‍ തന്നെ താമസിക്കുമെന്നും അക്കാദമിക വര്‍ഷം കഴിയും വരെ വൈറ്റ് ഹൗസിലേക്കില്ലെന്നുമാണ് മെലാനിയ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ വൈറ്റ് ഹൗസില്‍ ആതിഥേയയായി പ്രഥമ വനിതയുണ്ടാകില്ല.

രണ്ട് തവണ വിവാഹമോചിതനായ ആദ്യ അമേരിക്കന്‍ പ്രസിഡന്റെന്ന സ്ഥാനവും ഡോണള്‍ഡ് ട്രംപിന് തന്നെ. ചെക്ക് റിപ്പബ്ലിക്കില്‍ നിന്നെത്തി, ന്യൂയോര്‍ക്കില്‍ താമസമാക്കിയർ മോഡല്‍ ഇവാനയെയാണ് ട്രംപ് ആദ്യം വിവാഹം കഴിച്ചത്.  പിന്നീട് വിവാഹമോചിതരായ ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ഡോണള്‍ഡ് ട്രംപ് ജൂനിയറും ഇവാന്‍കയും എറികും. 1993ലാണ് ട്രംപും നടി മാര്‍ല മേപ്പിള്‍സും വിവാഹിതരാകുന്നത്. ആറ് വര്‍ഷത്തിന് ശേഷം വിവാഹമോചനം നേടി. ടിഫാനി ട്രംപാണ് ഇവരുടെ മകള്‍. ആദ്യ വിവാഹത്തിലെ മകള്‍ ഇവാന്‍ക, ഭര്‍ത്താവ് ജാരെദ് കുഷ്നെര്‍ക്കൊപ്പം വൈറ്റ് ഹൗസിലേക്കെത്തും. സ്വജന പക്ഷപാതിത്തമെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും ഇവാന്‍കയുടെ ഭര്‍ത്താവ് ജാരദ് കുഷ്നറെ തന്‍റെ ഉപദേശകനായി നിയമിച്ചിരിക്കുകയാണ് ട്രംപ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ, ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇവാന്‍കയും പങ്കെടുത്തത് വിവാദമായിരുന്നു. 

ഇവാന്‍കയുടയെും കുഷ്നറുടെയും മകള്‍ അരബെല്ല പാടിയ ചൈനീസ് ഗാനം വൈറലായപ്പോള്‍  പ്രസിഡന്‍റ് പദമേല്‍ക്കും മുമ്പേ ട്രംപിന്‍റെ ചൈനീസ് നയതന്ത്രവിജയമെന്ന വിശേഷണവും കിട്ടി. ഡോണള്‍ഡ് ട്രംപ് ജൂനിയറും എറിക് ട്രംപും അച്ഛന്‍റെ ബിസിനസ് സംരംഭമായ ട്രംപ് ഓര്‍ഗസേഷന്‍റെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റുമാരാണ്. വ്യവസായ സംരംഭങ്ങള്‍ മക്കളെ ഏല്‍പ്പിച്ച് ആ രംഗത്ത് നിന്ന് മാറി പൂര്‍ണമായും രാജ്യഭരണത്തില്‍ ശ്രദ്ധയൂന്നുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
എന്നിരുന്നാലും നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ ട്രംപ് കുടുംബത്തിന്റെ സംരഭങ്ങള്‍ പരിഗണിക്കാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമോയെന്ന് കണ്ടറിയണം.