ജിദ്ദ: സൗദിയില്‍ നടക്കുന്ന ജിസിസി, അറബ് രാജ്യങ്ങളുടെ ഉച്ചകോടികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കും. ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനിടയില്‍ സൌദിയുമായി പുതിയ ആയുധ ഇടപാടില്‍ ഒപ്പു വെക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഈ മാസാവസാനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം സൗദിയില്‍ നിന്ന് ആരംഭിക്കുന്നത്.
റിയാദിലെത്തുന്ന ട്രംപിന്റെ സൗദി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. പ്രധാനമായും മൂന്നു പരിപാടികളാണ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനിടയില്‍ നടക്കുക. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യത്തേത്. ജി.സി.സി രാഷ്‌ട്രത്തലവന്മാരുടെ ഉച്ചകോടിയും അറബ് ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനവുമാണ് മറ്റു രണ്ടു പരിപാടികള്‍.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടവും, ഇറാന്‍, യമന്‍,പശ്ചിമേഷ്യന്‍ പ്രശ്നങ്ങളും അറബ് ഇസ്ലാമിക് രാജ്യങ്ങളുമായി ട്രംപ് ചര്‍ച്ച ചെയ്യും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളെ സൗദി ക്ഷണിച്ചു തുടങ്ങി. ഈജ്പ്ത് പ്രസിഡന്റ്, പാകിസ്താന്‍ പ്രധാനമന്ത്രി തുടങ്ങിയവരെ ഇതിനകം ക്ഷണിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി.
സൗദി രാജാവുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയില്‍ പ്രതിരോധ മേഖലയിലെ സഹകരണം, ആയുധ ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. വലിയ തോതിലുള്ള ആയുധ ഇടപാടുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പ് വെക്കുമെന്നാണ് സൂചന. അത്യാധുനിക മിസൈല്‍, യുദ്ധക്കപ്പല്‍ തുടങ്ങിയവ സൗദി വാങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്. സൌദിയുമായി മുന്നൂറു ദശലക്ഷം ഡോളറിന്റെ ആയുധ ഇടപാടിനു ഡോണാള്‍ഡ് ട്രംപ് നേരത്തെ അനുമതി നല്‍കിയിരുന്നു.
