നാലുമണിക്കൂർ നീളുമെന്ന് കരുതുന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റുമാർ മാത്രമായും ഒരു ചർച്ച നടക്കും
ഹെൽസിങ്കി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ആദ്യത്തെ
ഔദ്യോഗിക കൂടിക്കാഴ്ച ഫിൻലന്റ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഇന്ന് നടക്കും. ഇന്ത്യൻ സമയം വൈകുന്നേരം 3.30 ന് നടക്കുന്ന കൂടിക്കാഴ്ചയുടെ അജണ്ട നേതാക്കൾ തീരുമാനിക്കും എന്നാണ് വൈറ്റ്ഹൗസ് പറയുന്നത്.
നാലുമണിക്കൂർ നീളുമെന്ന് കരുതുന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റുമാർ മാത്രമായും ഒരു ചർച്ച നടക്കും. അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും സിറിയൻ യൂദ്ധവും റഷ്യയുടെ ക്രൈമിയ അധിനിവേശവും ചർച്ചയാകുമെന്നാണ് സൂചന. റഷ്യൻ ഇടപെടലിലെ അന്വേഷണത്തിൽ 32 റഷ്യക്കാരെയാണ് മ്യൂളർ കമ്മീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയത്. രണ്ട് ട്രംപ് അനുകൂലികൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. അതുമാത്രമല്ല, ട്രാൻസ് അറ്റ്‍ലാന്റിക് കരാറിൽനിന്ന് പിന്മാറുമെന്നുള്ള അമേരിക്കയുടെ ഭീഷണിയടക്കം ട്രംപിന്റെ പല നടപടികളും റഷ്യക്ക് അനുകൂലമാണ്. പലതിന്റേയും നേതൃസ്ഥാനത്തുനിന്നും അമേരിക്കയുടെ പിൻമാറ്റം റഷ്യയുടെ ആധിപത്യമുറപ്പിക്കലിലേക്കു നയിക്കുന്നതും കണ്ടത് ഇക്കഴിഞ്ഞ പതിറ്റാണ്ടിലാണ്.
ഈ സാഹചര്യത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പലർക്കും അഭിപ്രായവ്യത്യാസമുണ്ട്. ക്രൈമിയൻ പ്രശ്നത്തിലെ ട്രംപിന്റെ ഇതുവരയെുള്ള പ്രതികരണം റഷ്യക്കനുകൂലമായ സ്ഥിതിക്ക് ട്രംപിനെ ഉപയോഗിച്ച് പുചിൻ ആവശ്യമുള്ളത് നേടിയെടുക്കും എന്നൊരു ഭീതി ട്രംപ് വൃത്തങ്ങളിലുമുണ്ട്. എന്നാല്‍ ഇതൊരു ഉച്ചകോടിയല്ല , വെറുമൊരു ചർച്ചമാത്രം എന്നാണ് ഔദ്യോഗിക വിശദീകരണം. മധ്യസ്ഥ മികവിൽ പൂർണവിശ്വാസമുള്ള അമേരിക്കൻ പ്രസിഡന്റിന് പക്ഷേ ആശങ്കയില്ല. നാറ്റോ ഉച്ചകോടിക്കും ബ്രിട്ടീഷ് സന്ദർശനത്തിനും ശേഷമാണ് ട്രംപ് ഫിൻലന്റിലെത്തുന്നത്. രണ്ടിടത്തും സഖ്യകക്ഷികളെ കണക്കറ്റ് വിമർശിച്ച ട്രംപ് ഹെൽസിങ്കിയിൽ പുചിനെ സുഹൃത്താക്കാൻ ശ്രമിച്ചാൽ അത് യൂറോപ്പിന് നൽകുന്ന സന്ദേശം മറ്റൊന്നായിരിക്കും.
നിഷ്പക്ഷമെന്ന് അറിയപ്പെടുന്ന ഹെൽസിങ്കിയിലാണ് കൂടിക്കാഴ്ചയെങ്കിലും കൗതുകമുള്ള ഒരു വാൽക്കഷ്ണമുണ്ട്. റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഫിൻലന്റിൽ അന്ന് നികോളാസ് ചക്രവർത്തി പണിത കൊട്ടാരത്തിലാണ് ട്രംപ് പുചിൻ കൂടിക്കാഴ്ച. 1990 ൽ അമേരിക്കൻ മുൻ പ്രസിഡന്ര് ജോർജ് എച്ച് ഡബ്ല്യൂബുഷും സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവും കൂടിക്കാഴ്ച നടത്തിയതും ഈ കൊട്ടാരത്തിലാണ്.
