വാഷിങ്ടണ്‍: ആരോഗ്യപരിരക്ഷ ബില്‍ അവതരിപ്പിക്കാനുളള നീക്കം പരാജയപ്പെടാനുളള കാരണം ഡെമോക്രാറ്റുകളെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വേണ്ടത്ര പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബില്‍ പിന്‍വലിച്ചത്.

ഒബാമകെയര്‍ ആരോഗ്യ പരിരക്ഷ പദ്ധതി പിന്‍വലിക്കാനുള്ള നീക്കം പരാജയപ്പെട്ടതില്‍ കടുത്ത നിരാശയിലാണ് ട്രംപ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷമുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ പക്ഷത്തെ 35ഓളം പേര്‍ എതിര്‍ത്തതാണ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയായത്.
എന്നാല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഡെമോക്രാറ്റ് പക്ഷത്തെ കുറ്റപ്പെടുത്താനായിരുന്നു ട്രംപിന്റെ ശ്രമം. ഡെമോക്രാറ്റിക് പക്ഷത്തെ ഒരാള്‍ പോലും പിന്തുണച്ചില്ല. ഞങ്ങള്‍ക്ക് ഇത് കുറച്ച് നാണക്കേടുണ്ടാക്കുന്നു, എന്നാല്‍ പരിശ്രമിച്ച് തിരിച്ചുവരുമെന്നും ട്രംപ് വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു ഒബാമ കെയറിനു പകരമുളള പുതിയ ആരോഗ്യരക്ഷ പദ്ധതി.
ഡെമോക്രാറ്റിക് പക്ഷത്തിന്റെ കൂടി പിന്തുണയോടെ നയം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അതിനായി ഡെമോക്രാറ്റുകള്‍ മുന്നോട്ടു വരണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

215 വോട്ടുകളാണ് ബില്‍ പാസാകാന്‍ വേണ്ടിയിരുന്നത്. പുതിയ പദ്ധതിയില്‍ കാര്യമായ മാറ്റങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.