വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ രാജിവച്ചു. റഷ്യന്‍ ബന്ധത്തിന്‍റെ പേരിലാണ് ഫ്‌ളിന്‍ രാജിവച്ചത്. ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് റഷ്യയ്ക്ക് മേലുള്ള അമേരിക്കന്‍ സാമ്പത്തിക ഉപരോധം നീക്കുന്നതിനെക്കുറിച്ച് ഫ്‌ളിന്‍ ചര്‍ച്ച നടത്തിയെന്നാണ് ആരോപണം. ഇതേതുടര്‍ന്നാണ് ഫ്‌ളിന്‍ രാജിവച്ചത്. 

റിട്ടയേര്‍ഡ് ജനറല്‍ കീത്ത് കെല്ലോഗിനെ ആക്റ്റിംഗ് സെക്യൂരിറ്റി അഡ്‌വൈസറായി ചുമതല നല്‍കി. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് ഇദ്ദേഹത്തിന്റെ പേര് കൂടി പരിഗണിക്കുന്നുണ്ട്. കെല്ലോഗിന് പുറമെ മുന്‍ സി.ഐ.എ ഡയറക്ടര്‍ ഡേവിഡ് പെട്രാസ്, മുന്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ റോബര്‍ട്ട് ഹാര്‍വാര്‍ഡ് എന്നിവരെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. 

അതേസമയം റഷ്യയുടെ അമേരിക്കന്‍ ഉപരോധം നീക്കുന്നത് സംബന്ധിച്ച് താന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം ഫ്‌ളിന്‍ നിഷേധിച്ചു. എന്നാല്‍ ഫ്‌ളിന്നിന്റെ പുറത്തു വന്ന ഫോണ്‍ സംഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ വാദം തള്ളിക്കളയുന്നു.