വാഷിംഗ്ടണ്‍: ഒബാമ കെയർ പദ്ധതിയുടെ മുഖ്യവിമർശകനായ ടോം പ്രൈസിനെ ആരോഗ്യ സെക്രട്ടറിയാക്കി നിയമിച്ച് നിയുക്ത അമേരിക്കൻ  പ്രസിഡന്റ്  ഡോണൾഡ് ട്രംപ്.  പ്രൈസ് തലപ്പത്ത് വരുന്നതോടെ ആരോഗ്യരക്ഷാ പദ്ധതി അടിമുടി മാറുമെന്നാണ് വിലയിരുത്തൽ. 2010ലാണ്  അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ,  ആരോഗ്യ -ഇൻഷുറൻസ് മേഖല പൊളിച്ചെഴുതുന്ന ഒബാമ പദ്ധതിക്ക് തുടക്കമിട്ടത്. സ്വപ്ന പദ്ധതിയെന്ന് ഒബാമ വിശേഷിപ്പിച്ച ഒബാമ കെയറിനെ തുടക്കം മുതൽ എതിർത്ത റിപ്പബ്ലിക്കൻ സ്വരങ്ങളിലൊന്നായിരുന്നു ടോം പ്രൈസ്.

തെരഞ്ഞെടുപ്പ് പ്രചാരണവേളകളിലും ഡോണൾഡ് ട്രംപ് പദ്ധതിയെ  അടിമുടി വിമ‍ർശിച്ചിരുന്നു. നടത്തിപ്പ് ചെലവ് കൂടുതലെന്നും ട്രംപ് വാദിച്ചു. എന്നാൽ ഒബാമയുമായുളള കൂടിക്കാഴ്ചക്ക് ശേഷം പദ്ധതി നടപ്പാക്കുമെന്ന് നിയുക്ത പ്രസിഡന്റ് വ്യക്തമാക്കി. മാറ്റങ്ങളോടെ  ആരോഗ്യരക്ഷാ പാക്കേജ് നടപ്പാക്കുമെന്ന് അന്ന് ട്രംപ് നൽകി സൂചനകളാണ്  പുതിയ നീക്കത്തോടെ വ്യക്തമാകുന്നത്. അസ്ഥിരോഗ വിദഗ്ധൻ കൂടിയായ ടോംപ്രൈസ് ആരോഗ്യ സെക്രട്ടറിയാകുമ്പോൾ ആദ്യം കത്തിവയ്ക്കുക ഒബാമ കെയറിന് തന്നെയാകും.
 
പദ്ധതിചെലവിന്റെ പേരിലാണ് റിപ്പബ്ലിക്കൻ പാർട്ടി ആരോഗ്യരക്ഷാ പാക്കേജിനെ തുടക്കം മുതൽ എതിർത്തത്. ജനങ്ങൾക്ക് മേൽ അധികഭാരം ഏൽപ്പിക്കാത്ത പദ്ധതിയെന്നായിരുന്നു ഒബാമയുടെ ഉറപ്പ്. എന്നാൽ സാമ്പത്തിക ബാധ്യതയിൽ നിന്ന് സർക്കാർ കൈകഴുകുംവിധത്തിലുളള നിർദ്ദേശങ്ങളാകും മുഖംമാറിയെത്തുന്ന പാക്കേജിലെന്നാണ് സൂചനകൾ. ഒബാമ കെയറിനെ അടിമുടി പരിഷ്കരിച്ച്, പുതിയ രീതിയിൽ അവതരിപ്പിക്കാൻ കെൽപ്പുളളയാളാണ് ടോം പ്രൈസെന്ന്  തീരുമാനത്തിന് ശേഷം ട്രംപ് പ്രസ്താവനയിലൂടെ അറിയിച്ചു.