വാഷിംങ്ടണ്‍: ഡൊണാൾഡ് ട്രംപിന്‍റെ റഷ്യൻ അനുകൂല നിലപാടുകൾക്ക് കനത്ത തിരിച്ചടി നൽകാനൊരുങ്ങി അമേരിക്കൻ കോൺഗ്രസ്. റഷ്യക്ക് മേൽ വിലക്കുകൾ ഏർപ്പെടുത്തുന്ന പുതിയ ബിൽ കൊണ്ടു വരാൻ സെനറ്റിലും ജനപ്രതിനിധി സഭയിലും ധാരണയായി. ബില്ലിൽ മാറ്റങ്ങൾ വരുത്താനുളള ഡൊണാൾഡ് ട്രംപിന്റെ അധികാരം വെട്ടിച്ചുരുക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

പ്രഡിഡന്‍റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുകൾക്ക് പുതിയ ബില്ല്ലിലൂടെ മറുപടി നൽകാനാണ് അമേരിക്കൻ കോൺഗ്രസിന്‍റെ തീരുമാനം. റഷ്യയോട് മൃദുസമീപനം പുലർത്തുന്ന ട്രംപിനോടുളള അതൃപ്തി രേഖപ്പെടുത്താനുളള മാർഗ്ഗം കൂടിയാണിത്. ഡെമോക്രാറ്റ്, റിപ്പബ്ലിക് കക്ഷികൾ തമ്മിൽ ഇക്കാര്യത്തിൽ ധാരണയായതിനാൽ ബിൽ സെനറ്റിലും ജനപ്രതിനിധി സഭയിലും പാസാകുമെന്ന് ഉറപ്പാണ്. 

ചൊവ്വാഴ്ച ജനപ്രതിനിധി സഭ ബിൽ വോട്ടിനിടും. ഈ മാസം അവസാനത്തോടെ പ്രഡിസന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഗണനക്കെത്തുമെന്നാണ് സൂചന. ബില്ലിനെ വീറ്റോ ചെയ്യാൻ പ്രസിഡന്റ് ട്രംപിന് കഴിയുമെങ്കിലും ഇങ്ങനെ ചെയ്താൽ റഷ്യൻ സ്നേഹം തുറന്നു സമ്മതിക്കുന്നതിന് തുല്യമാകും അത്. ഇരുസഭകളിലും വൻ ഭീരിപക്ഷത്തോടെ ബിൽ പാസായാൽ അതിനെ എതിർക്കാൻ ട്രംപ് തയ്യാറായേക്കില്ലെന്നാണ് വിലയിരുത്തൽ 

റഷ്യക്ക് പുറമേ ഇറാനും ഉത്തര കൊറിയക്കുമെതിരെ വിലക്കുകൾ കൊണ്ടുവരാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. വിലക്ക് നീക്കാൻ തീരുമാനിക്കുകയാണെങ്കിൽ വീറ്റോ ചെയ്യാൻ കോൺഗ്രസിന് അവകാശം നൽകുന്നുമുണ്ട്. അതുകൊണ്ടു തന്നെ ബില്ലിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ട്രംപിന് കഴിയുകയുമില്ല. അമേരിക്കൻ കോൺഗ്രസിന്റെ തീരുമാനം തികച്ചും അശുഭകരമെന്നാണ് റഷ്യയുടെ പ്രതികരണം.