വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യു.എസുമായി ബന്ധപ്പെട് അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയെന്ന് ആരോപണം. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ നടപടിയെ കുറിച്ചുള്ള പദ്ധതിയാണ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടന്ന ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ട്രംപ് പുറത്തുവിട്ടത്. 

രഹസ്യാന്വേഷണത്തിന്‍റെ അനുമതിയില്ലാതെയാണ് ട്രംപിന്‍റെ വെളിപ്പെടുത്തല്‍. ഇതോടെ റഷ്യയുമായി ബന്ധത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ട്രംപ്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്ല്യാക് എന്നിവരുമായാണ് ട്രംപ് കൂടിക്കാഴ്ച നടത്തിയത്. 

രണ്ട് യു.എസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ചര്‍ച്ചയെ കുറിച്ചുള്ള സൂചന പുറത്തുവിട്ടത്. വാഷിംഗ്ടണ്‍ പോസ്റ്റും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരോപണം വൈറ്റ് ഹൗസ് നിഷേധിച്ചു. വ്യോമയാന മേഖലയില്‍ ഉള്‍പ്പെടെ നേരിടാവുന്ന പൊതു ഭീഷണികളാണ് ചര്‍ച്ചയ്ക്ക് വന്നതെന്ന് ട്രംപിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്മാസ്റ്റര്‍ പറഞ്ഞു. 

അതീവ രഹസ്യ സ്വഭാവമുള്ള ഒരു വിഷയവും ചര്‍ച്ച ചെയ്തിട്ടില്ല. ഇതുവരെ പുറത്തുവരാത്ത ഒരു സൈനിക നടപടിയും പ്രസിഡന്റ് അറിയിച്ചിട്ടില്ല. താനും ഓവല്‍ ഓഫീസില്‍ ഉണ്ടായിരുന്നു. പുറത്തുകേള്‍ക്കുന്നപോലെ ഒന്നും അവിടെ നടന്നിട്ടില്ലെന്നും മക്മാസ്റ്റര്‍ പറഞ്ഞു. 

ഭീകരവിരുദ്ധതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നതെന്ന് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് വ്യാജമാണെന്നും ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദിന പവലും വ്യക്തമാക്കി.