വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയെങ്കിലും മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യം അറിയിച്ചതായി സൂചന. ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി ഫിലിപ്പീന്‍സിലെ മനിലയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ജൂണില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ചും ജൂലൈയില്‍ ജര്‍മനിയില്‍ നടന്ന ജി-20 ഉച്ചകോടിയിലും ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തവണ കൂടി കൂടിക്കാഴ്ച നടന്നാല്‍ അധികാരത്തിലെത്തി, മാസങ്ങള്‍ക്കകം മൂന്നാം തവണയാകും മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുക. ജപ്പാന്‍, ചൈന, ദക്ഷിണകൊറിയ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. നവംബര്‍ മൂന്ന് മുതല്‍ 14 വരെയാണ് സന്ദര്‍ശനം.