വാഷിങ്ടണ്‍: ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക. കൊറിയയുടെ പ്രകോപനങ്ങള്‍ നേരിടാന്‍ അമേരിക്കന്‍ സൈന്യം പരിപൂര്‍ണ്ണ സജ്ജമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തരകൊറിയ യുദ്ധമല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കയുടെ ഗുവാം സൈനികത്താവളത്തിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കുമെന്ന ഉത്തര കൊറിയയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ട്രംപ് കടുത്ത പ്രതികരണവുമായി രംഗത്ത് വന്നത്. അതേസമയം നയതന്ത്ര നീക്കങ്ങളിലൂടെ പ്രശ്‌നപരിഹാരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. യുദ്ധത്തിന്റെ ഫലം സര്‍വനാശമായിരിക്കുമെന്നും നയതന്ത്രതലത്തിലേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്നും മാറ്റിസ് അഭിപ്രായപ്പെട്ടു.