ന്യൂയോര്‍ക്ക്: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ് പാരിസ് ഉടമ്പടിയെന്ന് ട്രംപ് പറഞ്ഞു.
സിറിയയും നിക്വരാഗ്വെയും ഒഴികെയുള്ള 195 രാജ്യങ്ങള്‍ അംഗീകരിച്ച് ഒപ്പുവെച്ചതാണ് പാരീസ് ഉടമ്പടി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി, കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ വ്യാവസായിക വിപ്ലവത്തിന് മുന്‍പുള്ള കാലത്തെ അളവിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ. അതിനായി 2025 ഓടെ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 28 ശതമാനം കുറയ്ക്കുമെന്നായിരുന്നു മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് അമേരിക്ക നല്‍കിയ ഉറപ്പ്. ഈ ഉറപ്പ് പാലിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതീക്ഷിച്ചതെങ്കിലും ലോകത്തെ ഞെട്ടിച്ച തീരുമാനം വൈറ്റ് ഹൗസിലെ പ്രത്യേക യോഗത്തില്‍ വെച്ച് ട്രംപ് പുറത്തുവിട്ടത്. ഇതോടെ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള ആഗോള കൂട്ടായ്മയായ പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുകയാണ്.
ഉടമ്പടിയില്‍ തുടരണമെന്ന ജി-7 രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും അമേരിക്കയിലെ പ്രമുഖ ബിസിനസ് മേധാവികളുടെയും സമ്മര്‍ദ്ദം പൂര്‍ണ്ണമായി അവഗണിച്ചാണ് ട്രംപ് അമേരിക്കയെ ഒറ്റപ്പെടുത്തുന്ന തീരുമാനം പ്രഖ്യാപിച്ചത്. അതോടൊപ്പം ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിന് അമേരിക്ക നല്‍കിവരുന്ന എല്ലാ ധനസഹായവും പിന്‍വലിക്കും. പാരീസ് ഉടമ്പടി അമേരിക്കന്‍ സമ്പദ് ഘടനയ്ക്ക് കനത്ത നഷ്ടം വരുത്തിവെയ്ക്കുമെന്നും സാധാരണക്കാര്‍ക്ക് ഈ ഉടമ്പടികൊണ്ട് ഒരു പ്രയോജനവുമില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമാണ് ഇത്തരം കരാറുകളെന്നും അമേരിക്കയ്ക്ക് ഇനി ഇതിന് നിന്നുകൊടുക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ തീരുമാനത്തില്‍ അമേരിക്കയില്‍ വന്‍ നിരാശയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലോകം ഒന്നിച്ച് മുന്നേറുന്ന ഈ സാഹചര്യത്തില്‍ ട്രംപ് എടുത്ത പുതിയ തീരുമാനം അമേരിക്കയെ ഒറ്റപ്പെടുത്തുമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
