ന്യൂയോര്‍ക്ക്: കത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന് പണി കൊടുത്ത് അ‍ജ്ഞാതന്‍. കത്ത് തുറന്ന ഡൊണള്‍ഡ് ട്രംപിന്റെ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വന്ന കത്തുകള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം. കത്തിനുള്ളില്‍ നിന്ന് ലഭിച്ച പൊടിയാണ് പ്രശ്നകാരിയായത്. 

ഡൊണാള്‍ഡ് ട്രംപിന്റെ മൂത്തമകന്റെ ഭാര്യയായ വനേസാ ട്രംപിനാണ് കത്ത് തുറന്നപ്പോള്‍ പുറത്ത് വന്ന വെളുത്ത പൊടി ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യമുണ്ടായത്. കത്ത് പരിശോധിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന രണ്ട് പേരം കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡൊണ്‍ഡ് ട്രംപ് ജൂനിയറിന് വന്ന കത്ത് തുറന്നതിനെ തുടര്‍ന്നാണ് സംഭവം നടക്കുന്നത്. 2001 മുതല്‍ ഇത്തരം വെളുത്ത പൊടി അടങ്ങിയ കത്തുകളെക്കുറിച്ച് അമേരിക്കന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ബോസ്റ്റണില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊതുവെ അപകടകാരിയല്ലാത്ത പദാര്‍ത്ഥമായാണ് ഈ വെളുത്ത പൊടിയെ കരുതുന്നതെങ്കില്‍ കൂടിയും പലര്‍ക്കും ഇത് ശ്വസിക്കുന്നതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ ഉണ്ടാവാറുണ്ട്. എതിര്‍പ്പുള്ളവര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് നിരാശാകരമാണെന്ന് സംഭവത്തെക്കുറിച്ച് ട്രംപ് ജൂനിയര്‍ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഹിലരി ക്ലിന്റനെതിരെ ശക്തമായ ആരോപണങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് ട്രംപ് ജൂനിയര്‍.