ജിദ്ദ: ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷിക്കുന്ന മതപ്രഭാഷകന്‍ സാകിര്‍ നായികിന് സൗദി അറേബ്യന്‍ ഭരണകൂടം പൗരത്വം അനുവദിച്ചെന്ന പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇപ്പോള്‍ സൗദി അറേബ്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും കഴിയുന്ന സാകിര്‍ നായികിനെ ഇന്ത്യയിലെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി, ഇന്റര്‍പോളിനെ സമീപിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സാകിര്‍ നായികിന് സൗദി പൗരത്വം ലഭിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നത്. പൗരത്വം സ്വീകരിക്കുന്നുവെന്ന പേരില്‍ ചിത്രങ്ങളും പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.

എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് സൗദി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ പൗരനായ സാകിര്‍ നായികിന് സൗദിയില്‍ റെസിഡന്‍സ് പെര്‍മിറ്റ് മാത്രമാണുള്ളത്. ഒരു മാധ്യമം പുറത്തുവിട്ട വാര്‍ത്ത, വസ്തുതകള്‍ അന്വേഷിക്കാതെ മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മലയാള മാധ്യമങ്ങളടക്കം നിരവധി ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇസ്ലാമിക സേവനത്തിന് സൗദി സര്‍ക്കാര്‍ നല്‍കുന്ന കിങ് ഫൈസല്‍ അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രമാണ് പൗരത്വം സ്വീകരിക്കുന്നുവെന്ന തരത്തില്‍ പ്രചരിച്ചതും. തനിക്കെതിരായ വ്യാജ വാര്‍ത്തകള്‍ക്കെതിരെ സാകിര്‍ നായികും രംഗത്തെത്തിയിട്ടുണ്ട്. താന്‍ മാധ്യമ ഗൂഢാലോചനയുടെ ഇരയാണെന്നും അദ്ദേഹം പ്രതികരിച്ചു.