Asianet News MalayalamAsianet News Malayalam

കേരളം മാതൃകയില്‍ ഇന്തൊനേഷ്യയും; സുനാമിയില്‍ കാണാതായവരെ തേടി പുതിയ വഴിയില്‍...

ചരിത്രം കണ്ട പ്രളയം നേരിട്ടപ്പോള്‍ കേരളം ആശ്രയിച്ചത് ഏറെയും സമൂഹമാധ്യമങ്ങളെയായിരുന്നു. ഫേസ്ബുക്കും വാട്‌സ് ആപ്പും കേന്ദ്രീകരിച്ചായിരുന്നു കേരളത്തില്‍ പ്രധാനമായും രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നത്

tsunami hitted indonesia using social network sites for rescue operations just like kerala
Author
Jakarta, First Published Sep 30, 2018, 3:56 PM IST

ജക്കാര്‍ത്ത: സുലവേസിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം മണിക്കൂറുകള്‍ക്കുള്ളിലാണ് കൂടിയത്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നാണ് ഇന്തൊനേഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കാണാതായവരുടെ എണ്ണം ഒരു തരത്തിലും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. 

ഗതാഗതവും, വൈദ്യുതിയും, ഭക്ഷ്യവിതരണവും, ആശുപത്രി സേവനങ്ങളും, വാര്‍ത്താ-വിനിമയ സംവിധാനങ്ങളുമെല്ലാം പലയിടങ്ങളിലും തടസ്സപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതയിലേക്ക് തിരിയുകയാണ് ഇന്തൊനേഷ്യ. ഇന്റര്‍നെറ്റ് ലഭ്യമായ ഇടങ്ങളില്‍ നിന്നെല്ലാം സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങിയിരിക്കുകയാണ് ആളുകള്‍.  

ചരിത്രം കണ്ട പ്രളയം നേരിട്ടപ്പോള്‍ കേരളം ആശ്രയിച്ചത് ഏറെയും സമൂഹമാധ്യമങ്ങളെയായിരുന്നു. ഫേസ്ബുക്കും വാട്‌സ് ആപ്പും കേന്ദ്രീകരിച്ചായിരുന്നു കേരളത്തില്‍ പ്രധാനമായും രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നത്. പിന്നീടതില്‍ മാധ്യമങ്ങളും മറ്റ് സംഘടനകളുമെല്ലാം പങ്കാളികളായി. 

ഇതിന് സമാനമായാണ് സുലവേസിയിലും ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കാണാതായ പ്രിയപ്പെട്ടവരുടെ ഫോട്ടോകളും വിവരങ്ങളും നിരവധി പേരാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കാണാതായവര്‍ക്ക് വേണ്ടി മാത്രമല്ല, ഭക്ഷണവും വസ്ത്രവും വൈദ്യസഹായവും വേണ്ടവരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവയ്ക്കുകയാണ്. 

പലയിടങ്ങളിലേക്കും സഹായമെത്തിക്കാന്‍ തുടങ്ങുന്നതും ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്. സുനാമി ആഞ്ഞടിച്ച പാലുവില്‍ നിന്നാണ് കൂടുതല്‍ വാര്‍ത്തകളുമെത്തുന്നത്. സുനാമിയെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് സഹായമെത്തിക്കാനും വാര്‍ത്തകള്‍ പരസ്പരം കൈമാറാനുമായി ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്. 

ശക്തമായ ഭൂകമ്പത്തിന് പിന്നാലെയാണ് സുലവേസില്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. ഇതിനോടകം 800ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. തകര്‍ന്ന കെട്ടിടങ്ങളുടയും മറ്റും അടിയിലായി നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും വാര്‍ത്തകളുണ്ട്. ആവശ്യത്തിന് മരുന്നും ഭക്ഷണവും എത്താതെ ആയിരങ്ങളാണ് ഇവിടങ്ങളില്‍ ദുരിതത്തിലായിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios