മധുരൈ: എഐഎഡിഎംകെ വിമത നേതാവ് ടിടിവി.ദിനകരന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തി. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ചിഹ്നം കുക്കറാണെന്നും മധുരയിലെ മേലൂരില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ദിനകരന്‍ പ്രഖ്യാപിച്ചു.

എഐഎഡിഎംകെയുടെ കൊടിയോട് സാമ്യമുള്ളതാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ കൊടിയും. ജയലളിതയുടെ ചിത്രവും ആലേഖനം ചെയ്തരീതിയിലാണ് കൊടി നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. എഐഎഡിഎംകെയ്ക്ക് മുന്നില്‍ ശക്തിപ്രകടനം കൂടിയായിരുന്നു. പാര്‍ട്ടി പ്രഖ്യാപന വേദിയും സദസും.

അതസമയം ദിനകരന്‍റെ പാര്‍ട്ടിക്ക്  പ്രഷര്‍ കുക്കര്‍ അനുവദിക്കാന്‍ ദില്ലി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് ചിഹ്നം അനുവദിച്ചത് ചോദ്യം ചെയ്ത് എ.ഐ.എ.ഡി.എം.കെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.