ചെന്നൈ: ചിഹ്നം അനുവദിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കുറ്റത്തിന് അണ്ണാ ഡി.എം.കെ നേതാന് ടി.ടി.വി ദിനകരനെ അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് കേസെടുത്ത ദില്ലി ക്രൈം ബ്രാഞ്ച് സംഘമാണ് ദിനകരനെ അറസ്റ്റ് ചെയ്തത്. കേസില്‍ നാല് ദിവസമായി ദിനകരനെ ചോദ്യം ചെയ്ത് വരികയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിമയത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദില്ലിയിലെ ഹയാത്ത് ഹോട്ടലില്‍ നിന്നാണ് 1.30 കോടി രൂപയുമായി ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്തത്. മെഴ്‌സിഡസ് ബെന്‍സ് കാറുകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ നിന്നാണ് ടി.ടി.വി ദിനകരന്റെ പങ്ക് വ്യക്തമായത്. രണ്ടില ചിഹ്നം ശശികലപക്ഷത്തിന് കിട്ടിയാല്‍ 50 കോടി രൂപ നല്‍കാമെന്ന് ടി.ടി.വി ദിനകരന്‍ ഉറപ്പ് നല്‍കിയതായി ചന്ദ്രശേഖരന്‍ മൊഴി നല്‍കി.