ചെന്നൈ: ആർ കെ നഗറിൽ നിന്ന് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ടിടിവി ദിനകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ജനുവരി എട്ടിന് തുടങ്ങുന്ന അടുത്ത നിയമസഭാ സമ്മേളനത്തിൽ ടിടിവി എംഎൽഎയായി എത്തുമ്പോള്‍ എത്ര എംഎൽഎമാരുടെ പിന്തുണയുണ്ടാകുമെന്നത് നിർണായകമാണ്.
ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ പണം വിതരണം ചെയ്യപ്പെട്ടതിന്‍റെ പേരിൽ നേരിട്ട റെയ്ഡുകൾ, രണ്ടില ചിഹ്നത്തിന് കോഴ നൽകിയെന്നാരോപിച്ചുള്ള അറസ്റ്റ്, ജാമ്യത്തിലിറങ്ങി തിരിച്ചുവരുന്പോഴേയ്ക്ക് ഒപിഎസ്സുമായി സഖ്യം ചേർന്ന് മറുകണ്ടം ചാടിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഒടുവിൽ ഒപിഎസ്സിന് ഉപമുഖ്യമന്ത്രിപദമെന്ന ഫോർമുലയിൽ ലയനം, ശശികലയുൾപ്പടെ മണ്ണാർഗുഡി കുടുംബത്തിലെ എല്ലാവരും പാർട്ടിക്ക് പുറത്താക്കിയെന്ന പ്രഖ്യാപനം എന്നിവയെല്ലാം കടുത്ത വെല്ലുവിളികളായിരുന്നു. ഇതെല്ലാം നിലനില്‍ക്കെ തന്നെ വീണ്ടും ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാന്‍ ദിനകരന്‍ ധൈര്യം കാണിച്ചു.
രണ്ടിലച്ചിഹ്നത്തിനെതിരെ പ്രഷർ കുക്കർ എന്ന ചിഹ്നവുമായി സ്വതന്ത്ര സ്ഥാനാർഥിയായി ടിടിവി മത്സരത്തിനിറങ്ങി. പണം വിതരണം ചെയ്തെന്ന ആരോപണമുണ്ടായിരുന്നെങ്കിലും മണ്ഡലത്തിൽ ഓടി നടന്ന് പ്രചാരണം നടത്തി ദിനകരൻ. ഒടുവിൽ ജയലളിതയ്ക്ക് കിട്ടിയതിനേക്കാൾ ഭൂരിപക്ഷത്തിൽ വിജയവും സ്വന്തമാക്കി.
സിനിമാ സ്റ്റൈലില്‍ അട്ടിമറി വിജയം നേടി ടിടിവി സഭയിലേക്ക് വരുന്പോള്‍ നെഞ്ചിടിപ്പ് കൂടുന്നത് അണ്ണാ ഡിഎംകെ ഔദ്യോഗിക പക്ഷത്തിന് തന്നെയാണ്. സത്യപ്രതിജ്ഞയ്ക്ക് എത്ര എംഎൽഎമാർ ദിനകരനെ കാണാനെത്തുമെന്ന് കണ്ടറിയണം. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ കേസിൽ മദ്രാസ് ഹൈക്കോടതി അടുത്ത മാസം തന്നെ വിധി പറയും. അങ്ങനെയെങ്കിൽ 18 എംഎൽഎമാരുടെ പിന്തുണയുണ്ടാകും ദിനകരന്.
വിശ്വാസവോട്ടെടുപ്പ് നടന്നാൽ എടപ്പാടി സർക്കാർ താഴെ വീഴുമെന്നുറപ്പ്. സ്ലീപ്പർ സെൽ എംഎൽഎമാരായി എത്രപേർ ദിനകരൻ പക്ഷത്തിനൊപ്പമുണ്ടെന്ന് ഇപ്പോഴും എടപ്പാടിയ്ക്ക് ഒരു ധാരണയുമില്ല. ജനുവരി എട്ടിന് തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാർ നിലനിൽക്കുമോ ഇല്ലയോ എന്ന കാര്യം തീരുമാനമാകുമെന്നുറപ്പ്.
