ചെന്നൈ: തമിഴ്നാട്ടിലെ ആർ കെ നഗറിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. അണ്ണാ ഡിഎംകെ സ്ഥാനാർഥിയായി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ സഹോദരീപുത്രനുമായ ടിടിവി ദിനകരൻ മത്സരിക്കും. ആർ കെ നഗർ ഏരിയാ സെക്രട്ടറിയായ അഡ്വ. എൻ എം ഗണേഷാണ് ഡിഎംകെ സ്ഥാനാർഥി. ഒ പനീർശെൽവം പക്ഷത്തുനിന്ന് മുതിർന്ന നേതാവ് ഇ മധുസൂദനൻ മത്സരിയ്ക്കുമെന്ന് അഭ്യൂഹങ്ങളുയരുമ്പോൾ ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാർ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

ആർ കെ നഗറിൽ മത്സരിക്കാന്‍ തീരുമാനിയ്ക്കുക വഴി വെല്ലുവിളികൾ നിറഞ്ഞ ഒരു പോരാട്ടമാണ് ടി ടി വി ദിനകരൻ ഏറ്റെടുക്കുന്നത്. മണ്ഡലത്തിൽ നിലനിൽക്കുന്ന ശശികല വിരുദ്ധവികാരം ദിനകരൻ എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം. ഒപിഎസ് പക്ഷത്തേയ്ക്ക് കൂറുമാറിയതിന് ശശികല പുറത്താക്കിയ മുൻ പ്രസീഡിയം ചെയർമാൻ ഇ മധുസൂദനൻ ഇവിടെ നിന്ന് വീണ്ടും മത്സരിയ്ക്കുമെന്നാണ് സൂചന. 

രണ്ടിലചിഹ്നത്തിന്‍ അവകാശമുന്നയിച്ച് ഒപിഎസ് ദില്ലിയിൽ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ടുകണ്ടു. ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാറാകട്ടെ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷം 39000ൽപ്പരം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയലളിത വിജയിച്ച മണ്ഡലത്തിൽ ചിതറിയ ഈ വോട്ടുബാങ്കിനെ തിരികെപ്പിടിയ്ക്കുക എന്നതു തന്നെയാണ് ദിനകരന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

ദിനകരന്‍റെ സ്ഥാനാർഥിപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ആർ കെ നഗർ സ്വദേശിയും ഡിഎംകെ ഏരിയാ സെക്രട്ടറിയുമായ മരുതു ഗണേഷ് എന്ന അഡ്വ എൻ എം ഗണേഷിനെ ഡിഎംകെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ജയലളിതയ്ക്കെതിരെ മത്സരിച്ച് തോറ്റെങ്കിലും 33 ശതമാനം വോട്ടുകൾ നേടിയ ഷിംല മുത്തുച്ചോഴനുൾപ്പടെയുള്ള 16 പേരെ തള്ളി താരതമ്യേന ഒരു പുതുമുഖത്തെ ഗോദയിലിറക്കാനാണ് ഡിഎംകെയുടെ തീരുമാനം.