അങ്കാറ: സിറിയൻ പ്രസിഡണ്ട് ബാഷർ അൽ അസദിനെതിരെ തുർക്കി. സിറിയയുടെ ഭാവി അസദിന്‍റെ കൈയ്യിലല്ലെന്ന് തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രം പറഞ്ഞു.എന്നാൽ സമാധാനം പുനഃസ്ഥാപിക്കാൻ സിറിയയിൽ മുന്നിട്ടിറങ്ങാനാണ് തുർക്കിയുടെ തീരുമാനം.
സിറിയയിൽ പ്രസിഡണ്ട് ബാഷർ അൽ അസദിനെതിരെ ആഭ്യന്തര സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ മുന്നിട്ടിറങ്ങാനാണ് തുർക്കിയുടെ തീരുമാനം. എന്നാൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടുന്ന ചെറിയ കാലയളവിൽ മാത്രമേ അസദിന് സിറിയയുടെ ഭാവിയിൽ പങ്കു വഹിക്കാനുള്ളൂവെന്നാണ് തുർക്കിയുടെ പക്ഷം. സിറിയയുടെ ഭാവിയിൽ പ്രസിഡണ്ട് അസദിനോ, സർക്കാരിനെതിരെ പോരാടുന്ന കുർദ്ദിഷ് സഖ്യത്തിനോ, ഐഎസിനോ സ്ഥാനമുണ്ടാവില്ലെന്ന് തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രം വ്യക്തമാക്കി.
തുർക്കിയുടെ അതിർത്തി പ്രദേശമായ ഹസഖേ നിലവിൽ സിറിയൻ സർക്കാരിനെതിരെ പോരാടുന്ന കുർദ്ദിഷ് സഖ്യത്തിന്‍റെ കയ്യിലാണ്. ഇത് പിടിച്ചടക്കാൻ സർക്കാരിനെ സഹായിക്കുമെന്നാനാണ് തുർക്കിയുടെ നിലപാട്. ബാഷർ അൽ അസദിന്‍റെ നിലപാടുകളോട് തുർക്കിക്ക് വിയോജിപ്പാണെങ്കിലും അസദിന്‍റെയും തുർക്കിയുടെയും ശത്രുക്കളായ കുർദ്ദിഷ് സഖ്യത്തെ പ്രദേശത്ത് നിന്ന് പുറത്താക്കാനാണ് തുർക്കിയുടെ തീരുമാനം.
ഇതിനിടെ സിറിയയിലെ ദമാസ്കസിൽ ബാഷർ അൽ അസദിനെ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എംജെ അക്ബറും സിറിയയുടെ സമാധാന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. സർക്കാർ അനുകൂല സേനയും വിമതരും തമ്മിലുള്ള യുദ്ധത്തിനിടയിൽ ആയിരക്കണക്കിന് സാധാരണക്കാരാണ് സിറിയയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ കൊല്ലപ്പെട്ടത്.
