അങ്കാറ: സിറിയൻ ആഭ്യന്തര യുദ്ധത്തിൽ സജീവ ഇടപെടലിനൊരുങ്ങി തുർക്കി. തുർക്കിയിലെ നഗരമായ കർക്കാമിസ് സർക്കാർ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് പീരങ്കികൾ വന്ന് പതിച്ചിരുന്നു. കൂടുതൽ സംഘർഷമുണ്ടായേക്കുമെന്ന കണക്കു കൂട്ടലിലാണ് സർക്കാ‍ർ നടപടി.

അതിർത്തി പ്രദേശമായ ജാരാബ്ളസ്സിന് അടുത്ത പ്രദേശമാണ് കർക്കാമിസ്. ഇവിടം ഐ എസ് ശക്തി കേന്ദ്രമാണെന്നിരിക്കേ വരും ദിവസങ്ങളിൽ ഐ എസ്സും വിമതരും തമ്മിൽ ഏറ്റുമുട്ടൽ ശക്തമായേക്കാമെന്ന കണക്കുകൂട്ടലിലാന് സർക്കാ‍ർ നടപടി.ഉച്ച ഭാഷിണിയിലൂടെയാണ് നഗരം വിട്ടു പോകാൻ സർക്കാർ ജനങ്ങളോട് നിർദ്ദേശിച്ചത്. സ്വന്തമായി വാഹനമില്ലാത്തവർക്കായി പ്രത്യേക കാറുകളും എത്തിച്ചു.

തങ്ങളുടെ പ്രധാന ശത്രു ഐ എസ് ആണെങ്കിലും ഐ എസിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന കുർദ് വിമതരെ തുർക്കി തുടർച്ചയായി ആക്രമിക്കുന്നുണ്ട്. സിറിയൻ അതിർത്തിയിലെ മിക്ക പ്രദേശങ്ങളിലും കുർദുകൾ ശക്തരാണെന്നിരിക്കേ ഐ എസ് പിൻവാങ്ങിയാൽ കുർദുകൾ തങ്ങളെ അക്രമിച്ചേക്കുമെന്നാണ് തുർക്കിയുടെ പ്രശ്നം. രാജ്യത്തെ ചില പ്രദേശങ്ങളിൽ സ്വതന്ത്ര ഭരണത്തിനും കുർദുകൾ ആവശ്യമുന്നയിക്കുമെന്നും തുർക്കി ഭയക്കുന്നു. സിറിയൻ അതിർത്തി പ്രദേശങ്ങളിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളും തുർക്കിയ്ക്ക് തലവേദനയാണ്. കഴിഞ്ഞ ദിവസം ഗാസിയാൻടെപ്പിൽ വിവാഹ സൽക്കാരത്തിനിടെയുണ്ടായ ചാവേറാക്രമണത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്. ഈയിടെയുണ്ടായ പട്ടാള അട്ടിമറി അതിജീവിച്ച രാജ്യമാണെന്നിരിക്കേ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും തുർക്കി നേരിടുന്ന ഭീഷണി ചെറുതല്ല.