അമേരിക്കയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്‍ത്തി സിറിയയിലെ കുര്‍ദ്ദ് മേഖലയില്‍ തുര്‍ക്കി വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ റഷ്യ ആശങ്ക അറിയിച്ചു. പ്രതിഷേധവുമായി സിറിയയും രംഗത്തെത്തി.
കഴിഞ്ഞ രണ്ട് ദിവസമായി ഷെല്ലാക്രമണം തുടരുന്ന വടക്കന്‍ സിറിയയിലെ അഫ്രീനിലാണ് തുര്‍ക്കി പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. അമേരിക്ക പിന്തുണക്കുകയും തുര്‍ക്കി ഭീകരരായി കണാക്കാക്കുകയും ചെയ്യുന്ന കുര്‍ദ്ദുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സിറിയന്‍ തുര്‍ക്കി അതിര്‍ത്തി സംരക്ഷണത്തിന് കുര്‍ദ്ദുകളെ ഉള്‍പ്പെടുത്തി രക്ഷാസേന രൂപീകരിക്കാനുള്ള നീക്കവുമായി അമേരിക്ക മുന്നോട്ട് പോകുന്നതിനിടയിലാണ് തുര്‍ക്കിയുടെ പ്രകോപനം. അമേരിക്കയുടെ നീക്കത്തെ തുര്‍ക്കി നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. നിലപാട് തിരുത്തിയില്ലെങ്കില്‍ കരുത്തോടെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെല്ലാക്രമണവും അതിന്റെ തുടര്‍ച്ചയായി വ്യോമാക്രമണവും നടത്തിയത്. ആക്രണത്തില്‍ റഷ്യ ആശങ്ക അറിയിച്ചു. തുര്‍ക്കിയുടെ നടപടിയില്‍ സിറിയയും പ്രതിഷേധിച്ചു. തങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ലെന്നാണ് സിറിയയുടെ നിലപാട്. അതേസമയം കുര്‍ദ്ദുകള്‍ ഭീകരരോ അവരുമായി ബന്ധമുള്ളവരോ ആണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് തുര്‍ക്കി. ഐഎസിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നിന്നവര്‍ പരസ്‍പരം പോരടിക്കാന്‍ തുടങ്ങിയതോടെ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് മധ്യേഷ്യ വീണ്ടും.
