കുവൈത്ത് സിറ്റി: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കുവൈത്തിലെത്തി അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹും ചര്‍ച്ച നടത്തി. ഞായറാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചപ്പോള്‍ പ്രശ്‌ന പരിഹാരത്തിന് അമീര്‍ കൈകൊണ്ട മധ്യസ്ഥ നിലപാടിനെ ഉര്‍ദുഗാന്‍ പ്രശംസിച്ചു. അമീറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവാതിരിക്കാന്‍ ഇടയാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ സമാധാനത്തിന്റെ ദൂതുമായി അയല്‍ രാജ്യങ്ങളില്‍ തുടര്‍ച്ചയായി പര്യടനം നടത്തിയ അമീര്‍ ഇക്കാര്യത്തില്‍ ലോകത്തിന് മാതൃകയാണന്ന് ഉര്‍ദ്ദുഗാന്‍ പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ്, പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
ജി സി സി പര്യടനത്തിന്റെ ഭാഗമായി ഞായറാഴ്ച ആദ്യം സൗദിയിലെത്തിയ ഉര്‍ദുഗാന്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാത്രിയാണ് കുവൈത്തിലെത്തിയത്. അമീറുമായുള്ള ചര്‍ച്ചക്ക് ശേഷം ഉര്‍ദുഗാന്‍ ഖത്തറിലേക്കാണ് പോയത്.
