2016 ജൂലൈ 15നാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യബ് എർദോഗനെതിരെ വിഫലമായ സൈനിക അട്ടിമറിയുണ്ടായത്.

അങ്കാര: രണ്ടു വർഷം നീണ്ടു നിന്ന തുർക്കിയിലെ അടിയന്തരാവസ്ഥ അവസാനിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അടിയന്തരാവസ്ഥ പിൻവലിക്കുമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യബ് എര്‍ദോഗന്‍ പ്രഖ്യാപിച്ചിരുന്നു.

2016 ജൂലൈ 15നാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യബ് എർദോഗനെതിരെ വിഫലമായ സൈനിക അട്ടിമറിയുണ്ടായത്. 250- ലധികം പേരുടെ ജീവൻ കവർന്ന സൈനിക ശ്രമം തകർത്തതിന് അ‍ഞ്ചാം ദിനമാണ് പ്രസിഡന്‍റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തേക്കായി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്നീട് ഏഴ് തവണത്തേക്ക് കൂടി നീട്ടി. 

അടിയന്തരാവസ്ഥക്കാലത്ത് 80000ലധികം പേരെ തടവിലാക്കി. നിരവധി ഉദ്യോഗസ്ഥരേയു പട്ടാളക്കാരേയും ജോലിയിൽ നിന്ന് പുറത്താക്കി. യുഎസിൽ അഭയം തേടിയ ആത്മീയ നേതാവ് ഫത്ഹുല്ല ഗുലാന്‍റെ അനുയായികളേയും അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളെയുമാണ് എർദേഗൻ കൂടുതലും ലക്ഷ്യമിട്ടത്. അട്ടമിറക്ക് പിന്തുണ നൽകിയ കുർദു നേതാക്കളേയും വെറുതെ വിട്ടില്ല.

ശത്രുക്കളെയെല്ലാം അശക്തരാക്കിയ ശേഷം പൊതു തെരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റായി അധികാരത്തിൽ‌ തിരിച്ചെത്തിയ എർദേ​ഗൻ വിമത ശബ്ദങ്ങൾ രാജ്യത്തില്ലെന്ന് ഉറപ്പിച്ചാണ് രണ്ടു വർഷത്തെ അടിയന്തരാവസ്ഥ പിൻവലിക്കുന്നത്.