കൊച്ചി: ജിഷ കൊലക്കേസ് അന്വേഷണത്തില്‍ സംസ്ഥാന പൊലീസിനെ വിമര്‍ശിച്ച് ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി. ജിഷ മരിച്ച് ഒരു മാസം പിന്നിട്ടിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് തുഷാര്‍ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതാക്കളുടെ അധികാരക്കൊതിയാണെന്നും തുഷാര്‍ ഗാന്ധി വിമര്‍ശിച്ചു.

നാടിനെ നടുക്കിയ കൊലപാതകം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും പൊലീസ് ഇരുട്ടില്‍ത്തപ്പുകയാണ്.രാജ്യത്ത് ദളിതര്‍ നേരിടുന്ന അവഗണ തുറന്നു കാട്ടുന്നതാണ് ജിഷ നേരിട്ട ദുരന്തം. ദുരന്തം ഒഴിവാക്കേണ്ടിയിരുന്ന നിയമ സംവിധാനങ്ങള്‍ കുറ്റവാളികളെ കണ്ടെത്തുന്നതിലും അലംഭാവം കാണിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു.

നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നതില്‍ അത്ഭുതമില്ലെന്ന് തുഷാര്‍ ഗാന്ധി പറ‍ഞ്ഞു. നേതാക്കള്‍ക്ക് വിശ്വാസ്യത നഷ്‌ടപ്പെട്ടു. അധികാരക്കൊതികൊണ്ടുതര്‍ക്കങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സുകാര്‍ ജനങ്ങളെ മറന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.