മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്നും അത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കൾ

തൂത്തുക്കുടി: തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾക്കെതിരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. വെടിയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്നും അത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കൾ. 

സ്റ്റെർലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധസമരം നൂറ് ദിവസം പിന്നിട്ടതോടെയാണ് അക്രമാസക്തമായത്. പ്രതിഷേധക്കാരുടെ അക്രമങ്ങൾ പരിധി വിട്ടതോടെയാണ് തങ്ങൾ വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ തമിഴ്നാട് സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് എല്ലാ കോണുകളിലും നിന്നും ഉയരുന്നത്.

തൂത്തുക്കുടി വെടിവെയ്പ്പ് ആസൂത്രിതമാണെന്ന് എംഡിഎംകെ നേതാവ് വൈക്കോ ആരോപിച്ചു. പോലീസ് കമാൻഡ‍ോകൾ ആളുകളെ തിരഞ്ഞെുപിടിച്ചു വെടിവെയ്ക്കുകയായിരുന്നുവെന്നും കുറ്റക്കാരായ പോലീസുകാരെ ശിക്ഷിക്കണമെന്നും സർവീസിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.