ലൈവ് ഷോയ്ക്കിടെ അവതാരകയ്ക്ക് ശകാരം

കുവൈത്ത് സിറ്റി: മോശം വസ്ത്രം ധരിക്കുന്നതിനെതിരെ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിച്ചില്ലെന്ന് ആരോപിച്ച് കുവൈറ്റ് മോഡലും അവതാരികയുമായ യുവതിയ്ക്ക് നേരെ ലൈവ് പരിപാടിയ്ക്കിടെ ശകാര വര്‍ഷം. അമല്‍ അവാധി എന്ന അവതാരികയ്ക്ക് ആണ് ലൈവ് ഷോ അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശകാരം കേള്‍ക്കേണ്ടി വന്നത്. സ്റ്റേറ്റിന്‍റെ കീഴിലുള്ള കെടിവി1 (കുവൈറ്റ് ടെലിവിഷന്‍)യിലാണ് സംഭവം. 

റംസാന്‍ മാസത്തില്‍ അവാധി ധരിച്ചിരുന്ന വസ്ത്രത്തിനെതിരെ തുടര്‍ച്ചയായി പരാതി ലഭിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അവാധി കാര്യമാക്കിയില്ലെന്നാണ് ചാനല്‍ അധികാരികള്‍ പറയുന്നത്. സംഭവ ദിവസം അവാധി ധരിച്ചിരുന്നത് ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു. ർദ വിന്നിംഗ് ടെച്ച് എന്ന ഗെയിം ഷോ ആണ് അവാധി അവതരിപ്പിക്കുന്നത്. പരിപാടിയുടെ ചിത്രങ്ങള്‍ അവാധി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

സംഭവ ദിവസം അവാധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് പ്രകോപനത്തിന് കാരണമായത്. ഇതോടെ അവാധിയെ ചാനലില്‍നിന്ന് സസ്പെന്‍റ് ചെയ്തു. മുന്നറിയിപ്പ് നല്‍കിയിട്ടും തുടര്‍ച്ചയായി പ്രകോപനപരമായി വസ്ത്രം ധരിച്ചതിനാണ് അവാധിയെ ചാനലില്‍നിന്ന് സസ്പെന്‍റ് ചെയ്തതെന്ന് ലോകല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.