തടിക്കച്ചവടവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ആലപ്പുഴ, കണ്ണൂർ തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ക്വട്ടേഷൻ അം​ഗങ്ങളാണിവരെന്ന് പൊലീ​സ് പറയുന്നു


മൂവാറ്റുപുഴ: ഇരുപതം​ഗ ക്വട്ടേഷൻ സംഘം മൂവാറ്റുപുഴയിൽ വച്ച് പൊലീസ് പിടിയിൽ. മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ്ഡ് കമ്പനികളിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ ഏറ്റെടുത്ത് ഈ സംഘം ഇവിടെ എത്തിയത്. തടിക്കച്ചവടവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ആലപ്പുഴ, കണ്ണൂർ തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ക്വട്ടേഷൻ അം​ഗങ്ങളാണിവരെന്ന് പൊലീ​സ് പറയുന്നു. 

മൂവാറ്റുപുഴ, പെരുമ്പാവൂർ മേഖലകളിൽ ധാരാളം പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തടി വിൽപ്പനയിലെ കമ്മീഷനുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശ്നങ്ങളുണ്ടായിരിക്കുന്നത്. ക്രിമിനൽ കേസുകളിലെ പ്രതികളും റൗഡി ലിസ്റ്റിലുൾപ്പെട്ടവരുമാണ് ഈ സംഘത്തിലെ അം​ഗങ്ങൾ. വടിവാൾ, സൈക്കിൾ‌ ചെയിൻ തുടങ്ങി മാരകായുധങ്ങളും പിടിയിലാകുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്നു. മൂവാറ്റുപുഴ സി. ഐ. സി ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

അറസ്റ്റിലായ പ്രതികളെ മൂവാറ്റുപുഴ സബ്ജെയിലിൽ റിമാന്റ് ചെയ്തിരിക്കുകയാണ്. സൈബർ സെല്ലുമായി ബന്ധപ്പെട്ട് അന്വഷണം പുരോ​ഗമിക്കുകയാണ്. ഇവർക്ക് ക്വട്ടേഷൻ നൽകിയത് അങ്കമാലി, പെരുമ്പാവൂർ മേഖലയിലുള്ളവരായിരിക്കുമെന്നാണ് പൊലീസ് നി​ഗമനം. മയക്കുമരുന്ന് കേസിലെ പ്രതികളും പീഡനക്കേസിലെ പ്രതികളും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളും ഇവരിൽ ഉൾപ്പെടുന്നുണ്ട്. മൂവാറ്റുപുഴ ന​ഗരസഭാ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.