മോങ്ങത്ത് ഭര്‍ത്താവിന്‍റെ മരണശേഷം ഭാര്യയെ വീട്ടില്‍നിന്ന് ഇറക്കിവിടാനും, വീടിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനും ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റിലായി. 

മലപ്പുറം: മോങ്ങത്ത് ഭര്‍ത്താവിന്‍റെ മരണശേഷം ഭാര്യയെ വീട്ടില്‍നിന്ന് ഇറക്കിവിടാനും, വീടിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനും ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റിലായി. ഭര്‍ത്താവിന്‍റെ സഹോദരന്‍മാരാണ് പിടിയിലായത്. മോങ്ങം സ്വദേശി ഹഫ്സത്ത് നല്‍കിയ പരാതിയിലാണ് നടപടി.

മോങ്ങം വളമംഗലം സ്വദേശികളായ കൊറളിയാടന്‍ മൊയ്തീന്‍, സഹോദരന്‍ ഇബ്രാഹിം എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂത്ത സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നാണ് ജിദ്ദയില്‍ വച്ച് മരിച്ചത്. തിരികെ നാട്ടിലെത്തിയ ഭാര്യ ഹഫ്സത്ത് മോങ്ങത്തുള്ള വീട്ടിലായിരുന്നു താമസിച്ച് വന്നത്. അബ്ദുള്‍ ഗഫൂറിന്‍റെ പേരിലുള്ള വീടാണിത്. ഇ

തിനിടെയാണ് അബ്ദുള്‍ ഗഫൂറിന്‍റെ സഹോദരന്‍മാര്‍ ഈ വീട് ഒഴിയണമെന്നാവശ്യപ്പെട്ടെത്തുന്നത്. ഇതിന് പിന്നാലെയാണ് ഹഫ്സത്ത് മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. അബ്ദുള്‍ ഗഫൂറിന്‍റെ പിതാവ് അലവി ഹാജിക്കെതിരെയും പരാതിയുണ്ട്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.