കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് ഗുളികകളുമായി രണ്ടു യുവാക്കൾ പിടിയിൽ. വൈറ്റില സ്വദേശികളായ ഹാഷിം, റിഫാസ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഗുളികകൾ വാങ്ങാൻ കുറിപ്പ് നൽകിയ ആലുവ സ്വദേശിയായ ഡോക്ടറെക്കുറിച്ചും അന്വേഷണം തുടങ്ങി.

വൈറ്റില സ്വദേശികളായ ഹാഷിം, റിഫാസ് എന്നിവരാണ് ആലുവയിൽ എക്സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് ലഹരിയിൽ അപകടകരമായവിധത്തിൽ 2 യുവാക്കൾ വാഹനമോടിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ഇവരിൽ നിന്ന് നൈട്രാസെപാം എന്ന മയക്കുമരുന്ന് ഗുളികകളും ഇഞ്ചക്ഷനുകളും പിടിച്ചെടുത്തു. ബിടെക്ക് ബിരുദധാരികളായ യുവാക്കൾ കൊച്ചിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇവർ പഠനകാലം മുതൽ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയവരാണെന്ന് എക്സൈസ് പറയുന്നു. ഇവരുടെ ശരീരത്തിൽ മയക്കുമരുന്ന് കുത്തിവച്ചതിന്റെ പാടുകളുമുണ്ട്.

മയക്ക് മരുന്ന് ഗുളികകൾ ഇവർ വാങ്ങി വിൽപ്പന നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആലുവ സ്വദേശിയായ ഒരു ഡോക്ടറുടെ കുറിപ്പ് ഉപയോഗിച്ചാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ വാങ്ങിയതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇക്കാര്യത്തിൽ ഡോക്ടറുടെ പങ്കും എക്സൈസ് പരിശോധിക്കുന്നുണ്ട്.