കുന്നന്താനത്ത് കള്ളനോട്ട് കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 33,000 രൂപയുടെ കള്ളനോട്ട് നൽകിയ കേസിലാണ് അറസ്റ്റ്.
പത്തനംതിട്ട: കുന്നന്താനത്ത് കള്ളനോട്ട് കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 33,000 രൂപയുടെ കള്ളനോട്ട് നൽകിയ കേസിലാണ് അറസ്റ്റ്.
കുന്നന്താനം സ്വദേശി പുളിപ്പറന്പിൽ അനിൽ കുമാര്‍, കുന്പനാട് സ്വദേശി വിജയപുരം വീട്ടിൽ ജയപ്രകാശ് എന്നിവരാണ് കീഴ്‍വായ്പൂര്‍ പൊലീസിന്‍റെ പിടിയിലായത്. രണ്ട് മാസം മുന്പാണ് ഇരുവരും കുന്നന്താനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കള്ളനോട്ട് നൽകിയത്. സ്വര്‍ണം പണയം വച്ച് അനിൽകുമാര്‍ 65,000 രൂപ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്തു.
സ്വര്‍ണം തിരിച്ചെടുക്കാൻ വേണ്ടി നൽകിയ പണത്തിലാണ് 33,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. 500 രൂപയുടെ 66 കള്ളനോട്ടുകളാണ് നൽകിയത്. ധനകാര്യ സ്ഥാപനത്തിൽ നിന്ന് വിവരം അറിയിച്ചതോടെ അനിൽ കുമാര്‍ തിരികെയെത്തി അസ്സൽ നോട്ടുകൾ നൽകിയ ശേഷം കടന്നുകളയുകയായിരുന്നു. ധനകാര്യ സ്ഥാപനത്തിന്‍റെ പരാതിയിലാണ് ഇരുവരും പിടിയിലായത്.
കേസിൽ കൂടുതൽ പേര്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
