ദില്ലി/ചെന്നൈ: ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയ്ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണെന്ന് വെളിപ്പെടുത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴി പുറത്ത് കൊണ്ട് വന്ന മാധ്യമപ്രവര്‍ത്തകനെതിരെയും കേസ് ചുമത്തി. രണ്ട് വര്‍ഷം മുമ്പ് നടന്ന കവര്‍ച്ചയിലും ദുരൂഹ മരങ്ങളിലും സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും.

എസ്റ്റേറ്റില്‍ ജയലളിത സൂക്ഷിച്ചിരുന്ന രഹസ്യരേഖകള്‍ കവരാന്‍ 2017 ഏപ്രിലില്‍ എടപ്പാടി പളനിസ്വാമി ആസൂത്രണം ചെയ്തതാണ് കവര്‍ച്ചയെന്നും തെളിവുകള്‍ നശിപ്പിക്കാനായിരുന്നു തുടര്‍കൊലപാതകങ്ങളെന്നും കഴിഞ്ഞ ദിവസമാണ് ദില്ലിയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രതികള്‍ വെളിപ്പെടുത്തിയത്. പളനിസ്വാമിയുടെ നിര്‍ദേശ പ്രകാരം ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജിന്‍റെ നേതൃത്വത്തിലാണ് തങ്ങള്‍ കവര്‍ച്ച നടത്തിയതെന്നായിരുന്നു കേസിലെ പ്രതികളും മലയാളികളുമായ ഇരിങ്ങാലക്കുട സ്വദേശി കെ വി സയന്‍, വാളയാര്‍ മനോജ് എന്നിവരുടെ വെളിപ്പെടുത്തല്‍. 

2000 കോടിയോളം രൂപ എസ്റ്റേറ്റില്‍ ഉണ്ടായിരുന്നെങ്കിലും ചില രേഖകള്‍ മാത്രം എടുക്കാനായിരുന്നു നിര്‍ദേശം. പ്രതിഫലമായി 5 കോടിയായിരുന്നു വാഗ്ദാനം. കവര്‍ച്ചയ്ക്കിടെ ബന്ദിയാക്കിയ എസ്റ്റേറ്റ് കാവല്‍ക്കാരന്‍ റാം ബഹദൂര്‍ ദിവസങ്ങള്‍ക്കകം കൊലപ്പെട്ടു. പിന്നീട് കനകരാജ് ബൈക്കപകടത്തില്‍ മരിച്ചു. പിന്നാലെ പ്രതികളിലൊരാളായ സയനും കുംടുംബവും സഞ്ചരിച്ച കാറ് അപകടത്തില്‍പെട്ട് ഭാര്യയും കുഞ്ഞും മരിച്ചു. എസ്റ്റേറ്റിലെ സിസിടിവി ഓപ്പറേറ്ററും കൊല്ലപ്പെട്ടു. 

ജയലളിതയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ടോടെ നാടകീയമായി ദില്ലി ദ്വാരകയില്‍ നിന്ന് രണ്ട് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഡാലോചന ആന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പളനിസ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കും തെഹല്‍ക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമ്മുവലിനും എതിരെ കേസ് ചുമത്തിയിരിക്കുന്നത്. അതേസമയം വിവാദ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങാനാണ് ഡിഎംകെ നീക്കം.