നാളെ നടക്കുന്ന യോഗത്തിൽ വിസികെ, കോൺഗ്രസ്സ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും ടിവികെ ക്ഷണിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രാദേശിക തലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്നത് ലക്ഷ്യമിട്ടാണ് ടിവികെയുടെ നീക്കം.
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഡിഎംകെയ്ക്കും എഐഎഡിഎംകെയും കനത്ത തിരിച്ചടിയായി ഡി.എം.കെ സഖ്യം ഉപേക്ഷിച്ച് നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിനൊപ്പം ചേരാൻ വിടുതലൈ ചിരുതൈകൾ കക്ഷി(വിസികെ). ചെറു പാർട്ടികളെ ഒരുമിച്ച് കൂട്ടി സഖ്യമുണ്ടാക്കാൻ ടിവികെ ശ്രമം നടത്തുന്നതിനിടെയാണ് വിസികെ നിർണ്ണായക തീരുമാനമെടുക്കുന്നത്. പ്രതിപക്ഷ നിരയിലുള്ള വിസികെ ഡിഎംകെ സഖ്യം ഉപേക്ഷിച്ച് ഭരണപക്ഷമായ ടിവികെയുമായി ഔദ്യോഗികമായി കൈകോർക്കാൻ തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിജയുടെ രാഷ്ട്രീയ നീക്കത്തിൽ സഖ്യകക്ഷികളെയും നിയമസഭാംഗങ്ങളെയും നഷ്ടപ്പെട്ട് ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും അടിതെറ്റുകയാണ്.
തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർണായക രാഷ്ട്രീയ നീക്കം നടത്തുകയാണ്. ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുമായി കൂടികാഴ്ച നടത്തി ഒരു സഖ്യമായി നീങ്ങാൻ ടിവികെ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്. നാളെ വൈകിട്ട് നടക്കുന്ന യോഗത്തിൽ വിസികെ, കോൺഗ്രസ്സ്, സിപിഎം, സിപിഐ, ലീഗ് , എംഡിഎംകെ പാർട്ടികളെയും ടിവികെ ക്ഷണിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രാദേശിക തലത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്നത് ലക്ഷ്യമിട്ടാണ് ടിവികെയുടെ നീക്കം.
ടി.വി.കെ ജനറൽ സെക്രട്ടറിയും ഗ്രാമവികസന-ജലവിഭവ വകുപ്പ് മന്ത്രിയുമായ എൻ. ആനന്ദ്, തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ജനറൽ സെക്രട്ടറിയും പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രിയുമായ ആദവ് അർജുന എന്നിവർ നേരിട്ടെത്തിയാണ് സഖ്യകക്ഷി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചത്. തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കാൻ പിന്തുണച്ച സഖ്യകക്ഷികൾക്ക് മുഖ്യമന്ത്രി വിജയ് കത്തിലൂടെ നന്ദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത യോഗം ചേരുന്നത്.
അതേസമയം തമിഴ്‌നാട്ടിൽ ദ്രാവിഡ രാഷ്ട്രീയത്തിന് പുതിയൊരു ബദലായി വിജയ്‌യുടെ ടി.വി.കെ സഖ്യം മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് വി.സി.കെയുടെ മുന്നണി മാറ്റം എന്നാണ് വിലയിരുത്തുന്നത്. വിസികെയ്ക്ക് പിന്നാലെ തമിഴ്നാട്ടിലെ മറ്റ് പ്രധാന പാർട്ടികളുടെ നിലപാടിലും മാറ്റം വന്നിട്ടുണ്ട്. കോൺഗ്രസ് ഇതിനകം തന്നെ ഡിഎംകെ ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് വിജയ് സർക്കാരിന്റെ ഭാഗമായി. ഇടതുപക്ഷ പാർട്ടികളും വിജയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകുന്നത് തുടരുകയാണ്. തമിഴ്നാട്ടിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന് സൂചന നൽകി ഒമ്പത് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് വൈക്കോയുടെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിൽ (എസ്‌പിഎ) നിന്ന് പിന്മാറിയിരുന്നു.
ഇതിനിടെ മുഖ്യ പ്രതിപക്ഷമായ എഐഎഡിഎംകെയിൽ നിന്നും ഭരണപക്ഷത്തേക്കുള്ള ഒഴുക്കും തുടരുകയാണ്. മുൻ എഐഎഡിഎംകെ മന്ത്രിയും കരൂർ എംഎൽഎയുമായ എം.ആർ. വിജയഭാസ്‌കർ കഴിഞ്ഞ ദിവസം നിയമസഭാംഗത്വം രാജിവെച്ച് വിജയ്‌യുടെ ടിവികെയിൽ ചേർന്നിരുന്നു. ഇതോടെ ആറ് എംഎൽഎമാരാണ് എഐഎഡിഎംകെയിൽ നിന്ന് രാജിവെച്ച് വിജയ്ക്കൊപ്പമെത്തിയത്.


