മലപ്പുറം: തമിഴ്‌നാട്ടില്‍നിന്ന് മലപ്പുറത്തേക്ക് കാറില്‍ക്കടത്തിയ നാലരക്കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. അലനല്ലൂര്‍ തിരുവിഴാംകുന്ന് പൂക്കോടന്‍ വീട്ടില്‍ ഷൗക്കത്തലി, മണ്ണാര്‍ക്കാട് നെയ്യപ്പാടത്ത് ലത്തീഫ് എന്നിവരെയാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മഞ്ചേരി തുറക്കല്‍ ബൈപ്പാസില്‍ വാഹനപരിശോധന നടത്തുമ്പോഴാണ് കഞ്ചാവ് കടത്തുകാര്‍ പിടിയിലായത്. ഇവര്‍ ഓടിച്ച കാറിന്റെ മുന്‍സീറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വഴിയരികില്‍ വാഹനങ്ങളില്‍ പഴം, പച്ചക്കറിവില്‍പ്പന നടത്താറുള്ള ഇവര്‍ കമ്പം, പൊള്ളാച്ചി ഭാഗങ്ങളില്‍നിന്നാണ് കഞ്ചാവ് വാങ്ങുന്നത്. 

മണ്ണാര്‍ക്കാട്, മഞ്ചേരി, മലപ്പുറം ഭാഗങ്ങളിലാണ് കഞ്ചാവ് പ്രധാനമായും വിറ്റഴിക്കാറുള്ളത്. പ്രതി ലത്തീഫിന്റെ സഹോദരീ ഭര്‍ത്താവ് രണ്ടു മാസംമുമ്പ് 12 കിലോ കഞ്ചാവുമായി വണ്ടൂരില്‍ പിടിയിലായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. അശോക്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ടി. ഷിജുമോന്‍ തുടങ്ങിയവരടങ്ങിയ പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്‌