മലപ്പുറം: മലപ്പുറം അരീക്കോട് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും കവർച്ച നടത്തുകയും ചെയ്ത കേസില്‍ പ്രതികൾ പിടിയിൽ. വടകര മയ്യന്നൂർ സ്വദേശികളായ പറമ്പത്ത് ഇസ്മായിൽ, തട്ടാരത്ത് മീത്തൽ ഷാനാവാസ് എന്നിവരാണ് പിടിയിലായത്. തെളിവെടുപ്പിന് ശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
പ്രത്യേക അന്വേഷണ സംഘം മുക്കത്ത് വെച്ച് ഇരുവരെയും തന്ത്രപൂർവം പിടികൂടുകയായിരുന്നു. വീട്ടമ്മയെ കത്തികാണിച്ച് ബലാത്സംഗം ചെയ്യുകയും നഗ്ന ഫോട്ടോകൾ മൊബൈലിൽ പകർത്തുകയും ഇവര്‍ ചെയ്തിരുന്നു. വീട്ടമ്മയുടെ ആഭരണങ്ങളും ഫോണും പാസ്പോർട്ടും മോഷ്ടിച്ചതായി അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ പറഞ്ഞു.
മോഷണശേഷം വീട്ടമ്മയുടെ നഗ്ന ഫോട്ടോ പകർത്തിയ പ്രതികൾ ഫോൺ തിരിച്ച് നൽകാൻ രണ്ട് ലക്ഷം രൂപയും ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കിൽ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സമീപ പ്രദേശത്തെ സിസിടിവി ദ്യശ്യം പരിശോധിച്ചും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് പൊലീസ് പ്രതികളെ കണ്ടത്തിയത്.
