കൊച്ചി: എറണാകുളം പറവൂരില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വടക്കന്‍ പറവൂര്‍ നന്ത്യാട്ടുകുന്നം സ്വദേശി മുക്കണ്ണിക്കല്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന മനോജ്, കച്ചേരിപ്പടി സ്വദേശി കളത്തില്‍ പറമ്പില്‍ പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിങ്ങിനും മനോജ് ശ്രമിച്ചെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്.

ഒന്‍പത് മാസം മുമ്പ് പരിചയപ്പെട്ട പറവൂര്‍ സ്വദേശിയായ നാല്‍പതുകാരിയെ മനോജ് വിവാഹ വാഗ്ദാനം നല്‍കി അമ്മന്‍കോവില്‍ റോഡിലുള്ള ഫ്ലാറ്റില്‍ പീഡിപ്പിച്ചു. സുഹൃത്തായ പ്രമോദിന് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി. ഭീഷണി ശക്തമായതോടെ വീട്ടമ്മ പൊലീസില്‍‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ പൊലീസ് അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.