അടിമാലി പണിക്കൻ കുടിയിൽ ഒരുവർഷം മുന്പ് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടേത് കൊലപാതകമാണെന്ന് തെളിഞ്ഞു. മരിച്ചയാളുടെ സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിലായി. മുളളരിക്കുടി കരിമ്പനാനി സജീവനെ കൊന്ന കേസിൽ പ്രദേശവാസികളായ സുഹൃത്തുക്കളാണ് പിടിയിലായത്.
പെരുമ്പാവൂര്‍: അടിമാലി പണിക്കൻ കുടിയിൽ ഒരുവർഷം മുന്പ് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടേത് കൊലപാതകമാണെന്ന് തെളിഞ്ഞു. മരിച്ചയാളുടെ സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിലായി. മുളളരിക്കുടി കരിമ്പനാനി സജീവനെ കൊന്ന കേസിൽ പ്രദേശവാസികളായ സുഹൃത്തുക്കളാണ് പിടിയിലായത്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് മുളളരിക്കുടി പാറക്കെട്ടിനു സമീപത്തെ കൃഷിയിടത്തിൽ സജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സജീവന്‍റെ സുഹൃത്തുക്കളായ കുന്തനാനിക്കൽ സുരേന്ദ്രൻ, വരിക്കനാനിക്കൽ ബാബു എന്നിവരാണ് പിടിയിലായത്.
അടിമാലി സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. പൊലീസ് പറയുന്നതിങ്ങനെ.. പ്രതികളിലൊരാളായ ബാബുവിന് തിരുപ്പൂരിലെ തുണിമില്ലിലാണ് ജോലി. തന്‍റെ ഭാര്യയുമായി സജീവന് അവിഹിത ബന്ധമുണ്ടെന്ന ബാബുവിന്‍റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഭവദിവസം മദ്യപിക്കാനായി പ്രതികൾ സജീവനെ പാറക്കെട്ടിലേക്ക് വിളിച്ചുവരുത്തി. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ഇരുവരും ചേർന്ന് സജീവനെ മർദ്ദിച്ച ശേഷം നൂറ്റമ്പതടി ഉയരമുളള പാറക്കെട്ടിൽ നിന്നും തള്ളിയിട്ടു.
സജീവന്‍റെ മുണ്ടഴിച്ചെടുത്ത പാറക്കെട്ടിൽ ഇട്ട ഇവർ ബന്ധുക്കളെ ഉപയോഗിച്ച് സംഭവം ആത്മഹത്യയാക്കി പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീടൊരിക്കൽ മറ്റൊരു സംഘവുമായി ചേർന്നുളള മദ്യപാനത്തിനിടെ സുരേന്ദ്രൻ കൊലപാതകം സംബന്ധിച്ച് വീരവാദം മുഴക്കി. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
