രണ്ട് മാസം മുമ്പാണ് ദേശമംഗലത്ത് റിനി പൊളളലേറ്റ് മരിച്ചത്.

തൃശൂര്‍: തൃശൂര്‍ ദേശമംഗലത്ത് സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവ് സാജു, അമ്മ കാളി എന്നിവരെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് ദേശമംഗലത്ത് റിനി പൊളളലേറ്റ് മരിച്ചത്.

മരണം ആത്മഹത്യയാക്കി മാറ്റി കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മാര്‍ച്ച് അഞ്ചിനാണ് തിരുവനന്തപുരം സ്വദേശിയായ റിനിക്ക് തൃശൂര്‍ കൊണ്ടയൂരിലെ ഭര്‍തൃ വീട്ടില്‍ വെച്ച് പൊള്ളലേല്‍ക്കുന്നത്. റിനിയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ സ്‌ത്രീധനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ചു എന്നായിരുന്നു റിനി പൊലീസിന് മൊഴി നല്‍കിയത്.

ചികിത്സയിലിരിക്കെ മാര്‍ച്ച് 18 ന് റിനി മരിച്ചു. എന്നാല്‍ പൊലീസ് രേഖപ്പെടുത്തിയ റിനിയുടെ മരണമൊഴി വ്യാജമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണമൊഴിയുടെ വീഡിയോയും ബന്ധുക്കള്‍ പുറത്തു വിട്ടു.